ANNE FRANK
ലോകത്ത് ഏറ്റവും കൂടുതൽ നാശം വിതച്ച യുദ്ധമാണ് രണ്ടാം ലോകമഹായുദ്ധം . ആ യുദ്ധകാലത്ത് സാധാരണക്കാർ അനുഭവിച്ച യാതനകളെ ഏറ്റവും ഹൃദയസ്പർശിയായി അവതരിപ്പിച്ചത് ഒരു ഡയറിയായിരുന്നു . ആൻ ഫ്രാങ്ക് എന്ന യഹൂദപ്പെൺകുട്ടിയുടെ ഡയറി . യഹൂദരെ ഒന്നടങ്കം ഇല്ലാതാക്കാൻ ഇറങ്ങിത്തിരിച്ച ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെ ഭയന്ന് നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ ഒരു ഒളിയിടത്തിലായിരുന്നു ആൻ ഫ്രാങ്കും കുടുംബവും താമസം 1942 മുതൽ 1944 വരെ . അക്കാലത്ത് അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ ആൻ ഡയ റിയിൽ കുറിച്ചു വച്ചു . അത് പിന്നീട് ചരിത്രമായി ; യുദ്ധകാലത്തെ നാസിക്രൂരതകളുടെ ചരിത്രം , കോൺസൻട്രേഷൻ ക്യാംപുകളിലെ നിരപരാധികളായ യഹൂദരുടെ ദുരിത ങ്ങളുടെ ചരിത്രം , യുദ്ധം കാരണം കഷ്ടപ്പെടുന്ന സാധാര ണക്കാരുടെ ചരിത്രം . 1947 - ലാണ് ആൻഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിക്കുന്നത് . പിന്നീട് അറുപതോളം ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി . ആൻ ഫ്രാങ്കിനെകുറിച്ച് കൂടുതൽ നമുക്ക് വായിച്ചറിയാം . അതിനുമുന്പായി ആദ്യം കോൺസനൻട്രേഷൻ ക്യാംപ് എന്താണ് എന്ന് നോക്കാം .
കോൺസൻട്രേഷൻ ക്യാംപ്
രണ്ടാംലോകമഹായുദ്ധകാലത്ത് പിടികൂടിയ യഹൂദന്മാരെയും മറ്റു രാഷ്ട്രീയ എതിരാളികളെയും കോൺസൻട്രേഷൻ ക്യാംപുകളിലേക്കാണ് ഹിറ്റ്ലർ അയച്ചിരുന്നത് . അതിഭീകരമായ പീഡനമുറകൾ അരങ്ങേറിയ ഈ ക്യാംപുകളിൽ കൊല്ലപ്പെട്ടവർക്ക് കയ്യും കണക്കുമില്ല . യുദ്ധത്തിന്റെ തുടക്കത്തിൽ ആറു ക്യാംപുകളാണുണ്ടായിരുന്നത് . പിന്നീട് അവയുടെ എണ്ണം 22 ആക്കി . ഇതിൽ ഏറ്റവും കുപ്രസിദ്ധിയാർജിച്ചത് പോളണ്ടിലെ ഓഷ്വിറ്റ്സ് ക്യാംപായിരുന്നു . ആടുമാടുകളെ കൊണ്ടുവരുന്ന
പോലെ തീവണ്ടികളിൽ കുത്തിനിറച്ചു കൊണ്ടുവന്ന ജനത്തെ ഗ്യാസ് ചേംബറിലടച്ച് വിഷവാതകം കടത്തിവിട്ടാണ് കൊന്നിരുന്നത് . വധിക്കേണ്ടവരുടെ എണ്ണം പെരുകിയതോടെ ഓഷ്വിറ്റ്സിനടുത്ത് ഓഷ്വിറ്റ്സ് 2 എന്നൊരു ക്യാംപ് കൂടി തുറന്നു . ഓഷ്വിറ്റ്സിലെ പ്രാകൃതമായ മുന്നൂറോളം ബാരക്കുകളിൽ ഒരേസമയം ഒരു ലക്ഷം പേരെയാണ് കുത്തിനിറച്ചിരുന്നത് . തടികൊണ്ടുള്ള ഷെൽഫുകളിൽ ഇവർ മരണത്തോടു മല്ലടിച്ചു ദിവസങ്ങൾ തള്ളി നീക്കി . കൊന്നൊടുക്കുന്നവരെ നീക്കംചെയ്യാൻ ഓഷ്വിറ്റ്സ് ക്യാംപിൽ തീവണ്ടി സർവീസ്പോലുമുണ്ടായിരുന്നു . പ്രതിദിനം 340 മൃതദേഹങ്ങൾ വീതമാണ് ക്യാംപിനുള്ളി ൽ കത്തിച്ചു നശിപ്പിച്ചിരുന്നത് .
ഏതുനിമിഷവും ശത്രുക്കളുടെ ആക്രമണമുണ്ടാകുമെന്നു ഭയന്ന് 1944 - ൽ നാസി ഗാർഡുകൾ , ഇരു ക്യാംപു കളിലെയും നരഹത്യയുടെ തെളിവുകൾ നശിപ്പിക്കാൻ തുടങ്ങി . ബാരക്കുകളും ഗ്യാസ് ചേംബറുകളുമൊക്കെ അവർ ചുട്ടെരിച്ചു . സോവിയറ്റ് സൈന്യം അടുത്തെത്തിയതറിഞ്ഞ് 1945 ജനുവരി 18 - ന് 56,000 തടവുകാരെ മരണശിക്ഷ വിധിച്ച് കൊടുംശൈത്യ ത്തിലേക്ക് തുറന്നുവിടുകയും ചെയ്തു .
ആൻ ഫ്രാങ്ക്
1929 ജൂൺ 12 - നായിരുന്നു ആൻഫ്രാങ്കിന്റെ ജനനം . അച്ഛന്റെ പേര് ഓട്ടോഫ്രാങ്ക് അമ്മ ഈഡിത്ത് , മാർഗോട്ട് ഫ്രാങ്ക് എന്നായിരുന്നു ചേച്ചിയുടെ പേര് . യഹൂദരായിരുന്ന ഫ്രാങ്ക് കുടുംബം ജർമനിയിലായിരുന്നു താമസം . എന്നാൽ ഹിറ്റ്ലർ ജർമനിയിൽ അധികാരം ഏറ്റെ ടുത്തതോടെ അവർ ആംസ്റ്റർഡാമിലേക്കു കുടിയേറി . അന്ന് ആനിനു നാലു വയസായിരുന്നു .
ഹോളണ്ടിലെ ജാം നിർമാണക്കമ്പനിയായ ട്രാവിസ് ആൻഡ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ഓട്ടോ ഫ്രാങ്ക് ജോലി നോക്കി . ജർമനിയിൽനിന്നു ഹോളണ്ടിലേക്ക് ഒഴുകുന്ന യഹൂദരെ ആ രാജ്യം സ്നേഹത്തോടെയാണു വരവേറ്റത് . ആൻ ആംസ്റ്റർഡാമിലെ മോണ്ടിസോറി സ്കൂളിൽ ചേർന്നു പഠനം തുടങ്ങി .
അവൾക്കു കളിച്ചുനടക്കാൻ കൂട്ടുകാരെ കിട്ടി . പക്ഷേ സന്തോഷത്തിന്റെ നാളുകൾ അധികം നീണ്ടുനിന്നില്ല . 1940 - ൽ ഹിറ്റ്ലർ ഹോള ണ്ട് കീഴടക്കി .
ഓരോ രാജ്യം കീഴടക്കുമ്പോൾ അവിടെയുള്ള യഹൂദർ മുഴുവനും ഹിറ്റ്ലറുടെ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകണം എന്ന് ഉത്തരവിറക്കി . യഹൂദർക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു . അതിൽ ഒന്നാണ് മഞ്ഞ നക്ഷത്ര ചിഹ്നം ധരിച്ചുവേണം യാഹൂദർ പുറത്തിറങ്ങാൻ . സൈക്കിളോ മറ്റു വാഹനങ്ങളോ ഓടിക്കാൻ പാടില്ല . യഹൂദർക്കായി പ്രത്യേകം അനുവദിച്ചിരിക്കുന്ന കടകളിൽ നിന്നുമാത്രം സാധനങ്ങൾ വാങ്ങുവാൻ പാടുകയുള്ളൂ . അതും മൂന്നുമണിക്കും അഞ്ചുമണിക്കും ഇടയിൽ മാത്രം . രാത്രി എട്ട് മണിക്ക് ശേഷം വീടിനുള്ളിൽ നിന്ന് മുറ്റത്തിറങ്ങാൻ പോലും പാടില്ല . സിനിമ കാണാനോ പാർക്കിൽ പോയി ഇരിക്കാനോ കായിക മത്സരങ്ങളിൽ പങ്കെടുക്കാനോ അനുവാദമില്ല . യഹൂദർക്കായി അനുവദിച്ചിരുന്ന പ്രത്യേക സ്കൂളുകളിൽ മാത്രമേ കുട്ടികൾ പഠിക്കുവാൻ പാടുകയുള്ളൂ . അങ്ങനെ ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു .
ഹിറ്റ്ലരുടെ നാസിപ്പട യഹൂദവേട്ട തുടങ്ങിയതോടെ പലരും ഒളിയിടങ്ങളിലേക്ക് മാറി . നാസികളാൽ പിടിക്കപ്പെട്ടവർ കോൻസെൻട്രഷൻ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടുകൊണ്ടിരുന്നു .
അങ്ങനെ 1942 ജൂലായിൽ ആൻ ഫ്രാങ്കിന്റെ ചേച്ചിയായ മാർഗോട്ടിന് നാസികളുടെ ലേബർ ക്യാമ്പിൽ ഹാജരാകാനുള്ള ഉത്തരവ് ലഭിച്ചു . ഒളിവിൽ പോകാൻ സമയം ആയി എന്ന് ഓട്ടോ ഫ്രാങ്കിന് മനസ്സിലായി . നേരത്തെ തയ്യാറാക്കിയിരുന്ന ഒളിയിടത്തിലേക്ക് ഫ്രാങ്ക് കുടുംബം മാറി .
ഈ ഒളിച്ചോട്ടത്തെ കുറിച്ച് ആൻ ഫ്രാങ്ക് തന്റെ ഡയറിയിൽ വിശദമായി എഴുതി . അത് ഇങ്ങനെ ആണ് .
" 1942 ജൂലൈ എട്ട് . ആരോ കോളിങ് ബെല്ലടിച്ചു . പിൻവശത്തെ വരാന്തയിൽ ഇ ളംവെയിലേറ്റ് പുസ്തകം വായിച്ചിരുന്ന ഞാനതു കേട്ടില്ല . ഏതാനും നിമിഷങ്ങൾക്കു ശേഷം , മാർഗോട്ട് വളരെ പരിഭ്രാന്തയായി അടുക്കളവാതിൽക്കലെത്തി . " നോക്ക് , ഡാഡിക്കുള്ള ഒരു സമൻസാണ് ; സീക്രട്ട് സർവീസിൽനിന്ന് , മാർഗോട്ട് പിറുപിറുത്തു . ഞാൻ സ്തബ്ധയായി . സമൻസിന്റെ അർഥമെന്താണെന്ന് എല്ലാവർക്കുമറിയാം . ഭീകരമായ കോൺസൻട്രേഷൻ ക്യാംപുകൾ . ദയനീയമായ ഏകാന്ത തടവറകൾ . അങ്ങനെയൊരു ക്രൂരമായ വിധിക്ക് ഞങ്ങളുടെ ഡാഡിയെ വിട്ടുകൊ ടുക്കാനോ ? ആകെ അസ്വസ്ഥമായ അന്തരീക്ഷം . വല്ലാത്ത ചൂടും ഞങ്ങൾ ഭയാശങ്കകളോടെ ഒന്നും സംസാരിക്കാനാവാതെ നിന്നു .
ഓരോ പ്രാവശ്യം ബെല്ലടിച്ചപ്പോഴും മാർഗോട്ടും ഞാനും പതുങ്ങിപ്പതുങ്ങി വാതിലിനടുത്തെത്തി നോക്കി . ഡാഡി ആണെങ്കിൽ മാത്രമേ തുറക്കാൻ പറ്റൂ . മറ്റാരായലും ഇപ്പോൾ വീടിനകത്ത് കയറ്റുന്നത് അപകടം ആണ് . ഇടയ്ക്ക് മർഗോട്ട് ഒരു സ്വകാര്യം പറഞ്ഞു . സമൻസ് സത്യത്തിൽ ഡാഡിക്കല്ല , മാർഗോട്ടിനാണ് . ഞാൻ ഞെട്ടിപ്പോയി . മാർഗോട്ടിനിപ്പോൾ 16 വയസ് . ഈ പ്രായക്കാരായ പെൺകുട്ടികളെ തനിച്ച് കൊണ്ടുപോകുമോ അവർ ? അങ്ങനെ സംഭവിക്കില്ലെന്ന് മമ്മി പിറു പിറുക്കുന്നതു കേട്ടു . അതുകൊണ്ടായിരിക്കണം , ഞങ്ങളെല്ലാവരും കൂടി ഒളിത്താവളത്തിലേക്കു മാറണമെന്ന് ഡാഡി പറഞ്ഞത് .
ഞങ്ങളുടെ വില പിടിച്ച സമ്പാദ്യങ്ങൾ
ഒരു സ്കൂൾബാഗിൽ നിറയ്ക്കാൻ തുടങ്ങി . ഞാനാദ്യം എടുത്തുവച്ചത് , എന്റെ ഡയറിയാണ് . പിന്നെ മുടിചുരുട്ടൽ യന്ത്രം , തൂവാലകൾ , പാഠപുസ്തകങ്ങൾ , ചീപ്പ് , പഴയ കത്തുകൾ അങ്ങനെ പലതും . വൈകുന്നേരം അഞ്ചുമണിയായപ്പോൾ ഡാഡിയെത്തി . വാൻഡാൻ മീപ്പിനെ കൂട്ടിക്കൊണ്ടുവന്നു . ഡാഡിയുടെ സഹപ്രവർത്തകയും അടുത്ത സുഹൃത്തുമാണ് മീപ് . അവരുടെ ഭർത്താവ് ഹെൻകും അങ്ങനെ തന്നെ . മീപ് വന്നയുടൻ ഷൂസും ഉടുപ്പുകളും മറ്റും ബാഗിലെടുത്ത് പുറത്തേക്കു പോയി . വീട്ടിലാകെ നിശ്ശബ്ദത നിറഞ്ഞു . ആർക്കും ഭക്ഷണം കഴിക്കാൻ കൂടി തോന്നിയില്ല . വല്ലാതെ തളർന്നിരുന്നതിനാൽ ഞാനുറങ്ങാൻ കിടന്നു . എന്റെ വീട്ടിലെ , എന്റെ സ്വന്തം കിടക്കയിൽ ഉറങ്ങുന്ന അവസാനരാത്രിയാണ് ഇതെന്നറിയാമായിരുന്നിട്ടും അതേക്കുറിച്ച് ആലോചിക്കാനൊന്നും കഴിഞ്ഞില്ല . കിടന്നയുടനെ ഉറങ്ങിപ്പോയി . പിറ്റേന്നു കാലത്ത് അഞ്ചരക്ക് മമ്മി വിളിച്ചപ്പോഴാണ് ഞാനുണർന്നത് .
പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും . ഞങ്ങളോരോരുത്തരും ആവശ്യമുള്ളതിലും എത്രയോ അധികം വസ്ത്രങ്ങളാണു ധരിച്ചതെന്നോ ഇപ്പോൾ ഞങ്ങളെ കണ്ടാൽ ഉത്തരധ്രുവത്തിലേക്കു പോകുന്നവരാണെന്നേ തോന്നു . മാർഗോട്ട് പാഠപുസ്തകങ്ങൾ നിറച്ച ബാഗുമായി സൈക്കിളിൽ മീപ്പിന്റെ പിന്നാലെ രഹസ്യസ്ഥലത്തേക്ക് പോയി.അതെവിടെയാണെന്ന് അപ്പോഴും എനിക്കറിയില്ലായിരുന്നു . ഏഴരയ്ക്ക് ഞങ്ങളുടെ വീടിന്റെ വാതിൽ അടഞ്ഞു . പൂച്ച മാത്രമായിരുന്നു പിന്നെ അവിടെ ഉണ്ടായിരുന്നത് . രക്ഷപ്പെടുക , സുരക്ഷിതസ്ഥാനത്ത് എത്രയും പെട്ടെന്ന് എത്തിച്ചേരുക - അതുമാത്രമായിരുന്നു ഞങ്ങളുടെ മനസിൽ" .
ഒളിത്താവളത്തിൽ
ഹിറ്റ്ലറുടെ സൈന്യം യഹൂദർക്കു നേരെ നടത്തുന്ന ക്രൂരതകളെക്കുറിച്ചു മനസ്സിലാക്കിയിരുന്ന ഓട്ടോ ഫ്രാങ്ക് നേരത്തെതന്നെ ഒളിയിടം തയാറാക്കിയിരുന്നു . ഏതാനും മാസങ്ങളായി വീട്ടുപകരണങ്ങളും മറ്റു സാധനങ്ങളും ഒളിത്താവളത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു . ജൂലൈ 16 മുതൽ ഒളിത്താവളത്തിലേക്ക് മാറാമെന്ന മട്ടിലായിരുന്നു കാര്യങ്ങൾ നീക്കിയിരുന്നത് . അതിത്തിരി നേരത്തെയാക്കേണ്ടിവന്നു എന്നു മാത്രം . ഓട്ടോഫ്രാങ്ക് ജോലി ചെയ്യുന്ന ജാം നിർമാണക്കമ്പനിയുടെ മുകളിലാണ് ഒളിത്താവളം .
മൂന്നാമത്തെ നിലയിൽ വലതുവശത്തുള്ള വാതിലിലൂടെയാണ് ഒളിത്താവളത്തിൽ കടക്കുന്നത് . നിറം മങ്ങിയ ആ വാതിലിനപ്പുറം ഏറെ മുറികളുണ്ട് എന്ന് ആർക്കും ഊഹിക്കാൻ കഴിയില്ല . വാതിലിനപ്പുറമുള്ള ചെറിയ മരഗോവണി കയറിയാൽ ഒളിത്താവളത്തിലെത്താം .
" സീക്രട്ട് അനക്‌സ് " എന്നാണ് ആൻ ഈ താവളത്തിനു പേരിട്ടത് .
പ്രവേശന കവാടത്തിനുനേരേ എതിർവശത്തായി കുത്തനെ മറ്റൊരു ഗോവണി ഉണ്ടായിരുന്നു . ഗോവണി കയറി ആദ്യമെത്തുന്നത് ഫ്രാങ്ക് കുടുംബത്തിന്റെ കിടപ്പുമുറിയിലാണ് . അടുത്തുള്ള ചെറിയ മുറിയിൽ ആനും മാർഗോട്ടും പിന്നെ കുറേ കാലത്തിനുശേഷം ഈ മുറിയിൽ മീപിന്റെ ദന്തിസ്റ്റായ ഡോ . ആൽബർട്ട് ഡസലും എത്തി . വീണ്ടും ഗോവണി കയറിയാൽ കാണുന്നത് വിശാലമായ ഒരു മുറിയാണ് . ഫ്രാങ്കിന്റെ ഓഫീസ് ജീവനക്കാരനായ വാൻഡാനും ഭാര്യയ്ക്കും മകൻ പീറ്ററിനും കഴിയാനുള്ള മുറിയാണത് . അവരുടെ അ ടുക്കളയും മുകളിൽത്തന്നെ .
ഒളിയിടത്തിന്റെ വാതിൽ ഒരു ബുക്ക്ഷെൽഫ്കൊണ്ടു മറച്ചിരുന്നു . അതിനു മുകളിലെ ഭിത്തിയിൽ ഒരു മാപ്പും തൂക്കി . വാതിലിനു സമീപം വലിയ പെട്ടികളും ചാക്കുകളും അടുക്കിവച്ചു . ഉപയോഗമില്ലാത്ത മുറിയാണെന്ന തോന്നൽ ഉണ്ടാക്കാനായിരുന്നു ഇത് . മുറിയുടെ ജനാലകൾ കറുത്ത കടലാസും കനത്ത കർട്ടനും കൊണ്ടു മറച്ചിരുന്നു . വായുസഞ്ചാരത്തിനായി ഒരു ജനാലയുടെ പാതി മാത്രം തുറന്നിട്ടു .
ഓഫീസിനു പിന്നിലുള്ള ചെസ്നട്ട് മരം കെട്ടിടത്തെ പാതി മറച്ചിരുന്നു . മീപ് ഗീസ് ഒളിയിടത്തിലേക്ക് എല്ലാവരെയും കടത്തിയ ശേഷം വാതിലടച്ചു . അവരോടു സംസാരിച്ചു നിൽക്കാൻ സമയമുണ്ടായിരുന്നില്ല . താഴെ ഓഫീസിൽ ജോലിക്കാർ എത്തിത്തുടങ്ങിയിരുന്നു . മറ്റു പല ഒളിത്താവളങ്ങളെയും അപേക്ഷിച്ച് സൗകര്യപ്രദവും വിശാലവുമായിരുന്നു ഇവിടം . ഹോളണ്ടിലാകമാനം നോക്കിയാലും ഇത്ര മനോഹരമായ ഒരു ഒളിത്താവളം കണ്ടെത്താനാവില്ല . പക്ഷെ ഇരുട്ടുമുറിയിലെ ജീവിതം വളരെ ദുസ്സഹമായിരുന്നു എന്നതാണ് സത്യം എന്ന് ആനിന്റെ ഡയറിക്കുറുപ്പുകളിൽ കാണാനാകും .
മിണ്ടാതെ അനങ്ങാതെ രണ്ടുവർഷം
താഴെ ഓഫീസ് മുറിയിൽ ആദ്യത്തെ ജോലിക്കാരൻ എത്തും മുൻപേ ഒളിയിടത്തിൽ ഉള്ളവർ സ്വന്തം ജോലികൾ അവസാനിപ്പിക്കും . പിന്നെ മുറിയിലൂടെ ഷൂസ് ധരിച്ചു നടക്കാനോ സംസാരിക്കാനോ പാടില്ല . ഒരു കസേരയെങ്കിലും അനങ്ങിയാൽ താഴെ ശബ്ദം കേൾക്കും . ആരെങ്കിലും ഒറ്റിക്കൊടുത്താൽ കോൺസൻട്രേഷൻ ക്യാംപിൽ ജീവിതം അവസാനിക്കുമെന്ന് ഒളിയിടത്തിൽ കഴിയുന്ന കൊച്ചുകുട്ടികൾ പോലും മനസ്സിലാക്കിയിരുന്നു .
രാത്രി അവസാന ജോലിക്കാരനും പോയിക്കഴിയുമ്പോൾ ചെറിയ മെഴുകുതിരിവെളിച്ചത്തിൽ ഒളിയിടം വീണ്ടും ഉണരും . കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദവും അടുക്കളയിൽ പാചകത്തിന്റെ ഗന്ധവും ഉയരും .
ചുരുക്കത്തിൽ വെളുപ്പിന് ഉണർന്ന് എട്ടുമണിക്കു മുൻപ് അവസാനിക്കുന്ന ജീവിതചര്യ . നിർത്താതെ ചിലച്ചു കൊണ്ട് ഓടിനടന്നിരുന്ന ആനിന് ഒരു ദിവസം മുഴുവൻ സംസാരിക്കാതിരിക്കുന്നതായിരുന്നു ഏറ്റവും വിഷമം . മീപും ഭർത്താവ് ഹെൻകുമാണ് ഒളിയിടത്തിലുള്ളവർക്ക് ഭക്ഷണസാധനങ്ങളും പുറംലോകത്തുനിന്നുള്ള വാർത്തകളും എത്തിച്ചത് .
യുദ്ധം ആനിയുടെ ഡയറിയിൽ
ഒളിയിടത്തിലെ വിരസതയും ഒറ്റപ്പെടലുമായിരുന്നു ആനിന്റെ ഡയറികുറിപ്പുകളിലെ മുഖ്യവിഷയം . പിന്നെ നാസിപ്പടയാളികളുടെ ക്രൂരതകളെക്കുറിച്ച് കേട്ടതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളും എഴുതിയിരിക്കുന്നു .
“ 1942 ഒക്ടോബർ 9 , വെള്ളി , പ്രിയ കിറ്റീ , ദുഃഖകരമായ വാർത്തകളാണ് എനിക്കിന്നു പറയാനുള്ളത് . ഞങ്ങളുടെ പല യഹൂദസുഹൃത്തുക്കളെയും ഗെസ്റ്റ്പ്പോകൾ ( രഹസ്യ പൊലീസ് ) പിടിച്ചുകൊണ്ടുപോയിരിക്കുന്നു . മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് ഗെസ്റ്റ്പ്പോകളുടേത് . കന്നുകാലികളെ കൊണ്ടുപോകുന്ന ട്രക്കിലാണ് മനുഷ്യരെ കുത്തിനിറയ്ക്കുന്നത് . എന്നിട്ട് ഡ്രന്റ് എന്ന യഹൂദക്യാംപിലേക്കു കൊണ്ടുപോകുന്നു . ഭീകരമാണവിടത്തെ അവസ്ഥ .
നൂറാളുകൾക്ക് ഒരു കുളിമുറി മാത്രം . പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചാണ് ഉറങ്ങുന്നത് . ക്യാംപിൽ നിന്നു രക്ഷപ്പെടുക അസാധ്യമാണ് . ക്യാംപിൽ പാർപ്പിച്ചിരിക്കുന്നവരിൽ അധികംപേരുടേയും തല മൊട്ടയടിക്കപ്പെട്ടിരിക്കുന്നു . ഹോളണ്ടിലെ ക്യാംപുകളിൽപോലും അവസ്ഥ ഇത്രയ്ക്ക് മോശമാണെങ്കിൽ വിദൂരമായ ക്യാംപുകളിൽ എന്തായിരിക്കും സ്ഥിതി . അവരിൽ പലരും കൊല ചെയ്യപ്പെട്ടിരിക്കണം . ബ്രിട്ടീഷ് റേഡിയോ പറയുന്നത് , അവരെല്ലാം വിഷ വാതക അറകളിൽ മരിച്ചുവീഴുന്നു എന്നാണ് .
ഒരുപക്ഷേ , മരിക്കാനുള്ള ഏറ്റവും എളുപ്പവഴി അതായിരിക്കാം . എനിക്കു വല്ലാത്ത പേടിതോന്നുന്നു . എങ്കിലും മീപ് ഇത്തരം കഥകൾ പറയുമ്പോൾ എനിക്കു കേൾക്കാതിരിക്കാൻ കഴിയില്ല .
അടുത്ത നാളിൽ തന്റെ വീടിനു മുമ്പി ലിരുന്ന , വൃദ്ധയും വികലാംഗയുമായ ഒരു യഹൂദവനിതയോട് അവിടെത്തന്നെ കാത്തിരിക്കാൻ പറഞ്ഞിട്ടു ഗെസ്റ്റപ്പോ വണ്ടി വിളിച്ചുകൊണ്ടുവരാൻ പോയി . പാവം വൃദ്ധ ! വെടിയൊച്ചയും സെർച്ച് ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന തിള ക്കവുമൊക്കെ അവരെയാകെ ഭയപ്പെടുത്തി . അവരുടെ ദൈന്യത കണ്ട് മനസ്സലിഞ്ഞെങ്കിലും മീപ്പിന് അവരെ കൂട്ടിക്കൊണ്ടുപോകാൻ ധൈര്യം വന്നില്ല . യാതൊരു ദയയുമില്ലാതെയാണു ജർമൻകാർ ആക്രമണം നടത്തുന്നത് . തലയ്ക്ക് മുകളിലൂടെ ഇരമ്പിപ്പായുന്ന ജർമൻ വിമാനങ്ങളിൽ ഒന്ന് ഏതു നിമിഷവും ബോംബു വർഷിക്കാം . ദിവസേന യഹൂദരായ ആയിരക്കണക്കിനു ആൺ കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നു . അപൂർവം പേർ വഴിക്കുള്ള ഏതെങ്കിലും റയിൽവേസ്റ്റേഷനിലോ മറ്റോ വച്ച് രക്ഷപ്പെടുന്നുണ്ടാവാം . ബാക്കിയുള്ളവർ മുഴുവൻ കോൺസൻട്രേഷൻ ക്യാംപുകളി ലെത്തുന്നു . ദുഃഖകരമായ വാർത്തകൾ ഇതുകൊണ്ടും തീരുന്നില്ല .
അനവധി ആളുകൾ ബന്ദികളായി പിടിക്കപ്പെടുന്നു . പ്രഗല്ഭരും നിരപരാധികളുമായ ആളുകൾ നിത്യേന ജയിലിൽ അടയ്ക്ക്പ്പെടുന്നു . ഉദ്ദേശിക്കുന്നയാളെ കണ്ടുകിട്ടിയില്ലെങ്കിൽ ബന്ദികളെ നീട്ടിയ തോക്കിനു മുമ്പിൽ ഭിത്തിയോടു ചേർത്തു നിർത്തുന്നു . പിറ്റേന്നത്തെ പത്രങ്ങൾ അവരുടെ കൊലപാതകത്തെ വെറും അപകടങ്ങളായി ചിത്രീകരിക്കുന്നു . ഈ ജർമൻകാർ എന്തൊരു മനുഷ്യരാണ് . ഒരു കാലത്ത് ഞാനും അവരിലൊരാളായിരുന്നല്ലോ . ഇല്ല , ഹിറ്റ്ലർ ഞങ്ങളുടെ ദേശീയത എന്നെ നശിപ്പിച്ചു . ഇന്നിപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ശത്രുക്കൾ ജർമൻകാരും യഹൂദരുമാണ് ...
എന്ന് നിന്റെ ആൻ
യുദ്ധത്തെ കുറിച്ച് ആനിന്റെ വാക്കുകൾ ആണ് ഇത് .
ഫ്രാങ്ക് കുടുംബം അറസ്റ്റിൽ
1944 ഓഗസ്റ്റ് നാല് . അന്നൊരു വെള്ളിയാഴ്ചയായിരുന്നു . മീപ്ഗീസ് പതിവുപോലെ വീട്ടുസാധനങ്ങൾ വാങ്ങി ഒളിയിടത്തിലെത്തിച്ചു . പതിനൊന്നര മണിയായപ്പോഴേക്കും നാസി പടയാളികൾ ഓഫീസ് വളഞ്ഞു . മുകളിലത്തെ നിലയിലേക്ക് ഇരച്ചുകയറിയ സൈനികർ ഒളിയിടത്തിലെ വാതിലിനു മറയായി വച്ചിരുന്ന ബുക്ക് ഷെൽഫ് തട്ടിമറിച്ചിട്ടു . തുടർന്ന് , ഒളിച്ചുകഴിഞ്ഞിരുന്ന ഓരോരുത്തരെയായി അവർ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു . ഓട്ടോ ഫ്രാങ്കിനെയും കുടുംബത്തെയും കൂടാതെ ഹെർമൻ വാൻഡാൻ , ഭാര്യ , മകൻ പീറ്റർ , ഡോ ആൽബർട്ട് ഡസൽ എന്നിവരും അറസ്റ്റിലായി . അറസ്റ്റിലായ എല്ലാവരെയും ഒരു ട്രക്കിൽ കയറ്റി കോൺസന്റേഷൻ ക്യാംപിലേക്കു കൊണ്ടുപോയി . ഈ സമയമെല്ലാം ആയുധധാരികളായ സൈനികർ മീപിനും മറ്റു സ്റ്റാഫിനും കാവൽ നിന്നു . ഫ്രാങ്ക് കുടുംബത്തെ സഹായിച്ച് കുറ്റത്തിനു കൂഫ്കൂസും ക്രേലറും അറസ്റ്റ് ചെയ്യപ്പെട്ടു . എല്ലിയും മീപും ഹെൻകും അറസ്റ്റിൽ നിന്നു രക്ഷപ്പെട്ടു . എന്നാൽ , അവരുടെ പാസ്പോർട്ടും വ്യാജ റേഷൻ കാർഡും മറ്റു രേഖകളും പിടിച്ചെടുത്തു .
സൈനികർ ഓഫീസ് വിട്ടുപോയപ്പോൾത്തന്നെ മീപ് ആനിന്റെ ഡയറിയെക്കുറിച്ചോർത്തു . കൈയിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് അവർ മുറി തുറന്നു . പട്ടാളക്കാർ തട്ടിമറിച്ചിട്ട പുസ്തകങ്ങൾക്കിടയിൽ അതാ ഓറഞ്ച് നിറത്തിലുള്ള ആനിന്റെ ഡയറി . ആനിന്റെ കൈയക്ഷരം കണ്ട മറ്റെല്ലാ നോട്ട് ബുക്കുകളും കുറിപ്പുകളും മീപ് എടുത്തു . ചില ബുക്കുകളുടെ താളുകൾ നഷ്ടപ്പെട്ടിരുന്നു . സൈനികർ പിറ്റേന്ന് മുറി തുറന്നപ്പോൾ വൃത്തിയാക്കാനെന്ന വ്യാജേന ഒപ്പം ചെന്ന ഓഫീസ് ജീവനക്കാരൻ നഷ്ട്ടപ്പെട്ട താളുകൾ കണ്ടെത്തി മീപിനെ ഏൽപ്പിച്ചു . ലോകത്തിന് വായിക്കുവാൻ വേണ്ടി ആയിരുന്നില്ല മീപ് അവ സൂക്ഷിച്ചുവെച്ചത് . ആനിന് പ്രിയപ്പെട്ടവയാണ് അത് എന്ന് മീപിന് നന്നായി അറിയാമായിരുന്നു . ക്യാമ്പിൽ നിന്ന് തിരിച്ചെത്തുമ്പോൾ അവൾക്ക് സമ്മാനമായി നൽകണം എന്നായിരുന്നു മീപിന്റെ ആഗ്രഹം . പക്ഷെ ആ ഡയറി കൈപ്പറ്റാൻ ആൻ ഒരിക്കലും മടങ്ങി വരില്ല എന്ന് അന്ന് അവർ കരുതിയതെയില്ല .
ഹോളണ്ടിലെ പ്രധാന കോൺസൻടട്രേഷൻ ക്യാംപായ വെർബോർക്കിലേക്കാണ് അറസ്റ്റിലായവരെ ആദ്യം കൊണ്ടുപോയത് . കന്നുകാലികളെ കയറ്റിക്കൊണ്ടു പോകുന്ന വണ്ടികളിൽ കുത്തിനിറച്ചായിരുന്നു ആ യാത്ര . പിന്നീട് അവരെയെല്ലാം പോളണ്ടിലെ കുപ്രസിദ്ധ തടവറയായ ഓഷ്വിറ്റ്സിലേക്കു മാറ്റി . തീവണ്ടിയിലായിരുന്നു യാത്ര . അവസാനമില്ലാത്ത യാത്ര പോലെ തോന്നിച്ചു അത് . എന്നാൽ , വരാൻ പോകുന്ന ദുരിതമോർത്തപ്പോൾ യാത്ര അവസാനിക്കാത്തതാണ് നല്ലതെന്ന് അവർക്കു തോന്നി . മൂന്നു ദിവസത്തെ യാത്രയ്ക്കൊടുവിൽ തീവണ്ടി ഓഷ്വിറ്റ്സിലെത്തി . നരകയാതനകൾക്കു പേരുകേട്ട ഓഷ്വിറ്റ്സ് അവിടെ വച്ച് സ്ത്രീകളെയും പുരുഷന്മാരെയും രണ്ടു ഗ്രൂപ്പാക്കി . ഓട്ടോ ഫ്രാങ്ക് തന്റെ കുടുംബത്തെ അവസാനമായി ഒരു നോക്കുകണ്ടു .
പിന്നെ പറ്റമായി
നീങ്ങുന്നവരോടൊപ്പം പുതിയ ക്യാംപിലേക്കു നടന്നു . പതിനഞ്ചു വയസിൽ താഴെയുള്ള കുട്ടികളെ മറ്റൊരു ഗ്രൂപ്പായി തിരിച്ചു . 15 വയസും മൂന്നു മാസവും പ്രായമായ ആൻ പക്ഷേ ആ ഗ്രൂപ്പിൽ ഉൾപ്പെട്ടില്ല . അങ്ങനെ അമ്മയ്ക്കും മക്കൾക്കും ഒരുമിച്ചു കഴിയാനായി . പരസ്പരം താങ്ങായി അവർ മൂന്നു പേരും എപ്പോഴും ഒന്നിച്ചുണ്ടായിരുന്നു . ഭക്ഷണവും വസ്ത്രവും മരുന്നുമായിരുന്നു കോൺസൻട്രേഷൻ ക്യാംപുകളിലെ ഏറ്റവും പ്രധാന പ്രശ്നം . " സ്കാബീസ് " എന്ന ത്വക്ക് രോഗം പിടിപെട്ട ആനിനെയും മാർഗോട്ടിനെയും ബർഗൻ ബെൽസൻ എന്ന മറ്റൊരു ക്യാംപിലേക്കു മാറ്റി . അങ്ങനെ 1944 ഒക്ടോബർ 28 - ന് അമ്മയും മക്കളും വേർപിരിഞ്ഞു . അടുത്ത ജനുവരിയിൽ ഈഡിത്ത് ഫ്രാങ്ക് ലോകത്തോടു വിടപറഞ്ഞു . പട്ടിണിയായിരുന്നു മരണകാരണം . നാസികളുടെ തടവറയിൽനിന്ന് എന്നെങ്കിലും മോചനം ലഭിക്കുമെന്ന് അവർ ഒരിക്കലും വിശ്വസിച്ചിരുന്നില്ല .
ആനും മാർഗോട്ടും യാത്രയാകുന്നു
ലേബർ ക്യാംപിൽ വച്ച് അത്രയും രോഗബാധിതരാകുന്നവരെ പാർപ്പിക്കാനുള്ളതായിരുന്നു ബർഗൻ ബെൽസൻ ക്യാംപ് . ടൈഫസ് രോഗം പിടിപെട്ട ആനും മാർഗോട്ടും ഒരേ മുറിയി ലാണ് കഴിഞ്ഞിരുന്നത് . ഓഷ്വിറ്റ്സിലെ കോൺസൻട്രേഷൻ ക്യാംപിൽ പ്രകടിപ്പിച്ച ധീരതയും സഹിഷ്ണുതയുമാണ് ആനിന് ഇവിടെയും തുണയായത് . എന്നാൽ , രോഗവും പട്ടിണിയും ഇവരുടെ ആരോഗ്യം തകർത്തുകളഞ്ഞു . വൈകാതെ മാർഗോട്ടിനു രോഗം മൂർചിച്ചു . ഒരു ദിവസം ആൻ ഫ്രാങ്കിന്റെ ബർത്തിനു തൊട്ടുമുകളിൽ കിടക്കുകയായിരുന്നു മാർഗോട്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ മാർഗോട്ട് പെട്ടെന്ന് കുഴഞ്ഞുവീണു . അവിടെ കിടന്നു തന്നെ പിടഞ്ഞു മരിക്കുകയും ചെയ്തു .
സഹോദരിയുടെ മരണം കൺമുന്നിൽ കണ്ടതോടെ ആൻ അതുവരെ കാത്തു സൂക്ഷിച്ച മനസ്സാന്നിധ്യവും ധൈര്യവുമെല്ലാം ചോർന്നുപോയി . ചേച്ചിയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കിടന്ന് ഏതാനും ദിവസങ്ങൾക്കകം ആനും മരിച്ചു . അമേരിക്കയുടെയും ബ്രിട്ടന്റെയും സഖ്യസേന , ബർഗൻ ബെൽസ ക്യാംപ് മോചിപ്പിക്കുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു ഇവരുടെ മരണം . ആൻ ഫ്രാങ്കും സഹോദരിയും മരിച്ചത് എന്നാണെന്ന് കൃത്യമായി ആർക്കും അറിയില്ല . 1945 ഫെബ്രുവരി അവസാനം അല്ലെങ്കിൽ മാർച്ച് ആദ്യം എന്നാണു കണക്കാക്കപ്പെടുന്നത് . കോൺസൻട്രേഷൻ ക്യാംപിൽ മരിക്കുന്നവരുടെ ശരീരം കൂട്ടിയിട്ടാണ് സംസ്കരിച്ചിരുന്നത് . അതിനാൽ
ആനിന് പ്രത്യേക കബറിടവും ലഭിച്ചില്ല . ഓഷ്വിറ്റ്സിലെ നരകയാതനകൾക്കിടയിൽ സംഘത്തിലെ പ്രായമായവരെല്ലാം തളർന്നു വീണു . വാൻഡാൻ വിഷവാതകപ്രയോഗത്തിന് ഇരയാക്കപ്പെട്ടു . ഓട്ടോ ഫ്രാങ്കിന്റെയും വിധി ഇതുതന്നെയാകുമായിരുന്നു . എന്നാൽ , തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ടു . ക്യാംപിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പതിനായിരത്തിൽപരം തടവുകാർക്ക് ഈ ഭാഗ്യം ലഭിച്ചില്ല . റഷ്യൻ സേനയുടെ മുന്നേറ്റം മനസിലാക്കിയ ജർമൻകാർ തടവുകാരെ മുഴുവൻ പടിഞ്ഞാറൻ ദേശത്തേക്കു മാറ്റി . പീറ്റർ വാൻഡാനും അക്കൂട്ടത്തിലുണ്ടായിരുന്നു . പീറ്ററിനെക്കുറിച്ച് പിന്നീടാരും കേട്ടിട്ടേയില്ല .
ഓട്ടോ ഫ്രാങ്ക് മടങ്ങിവരുന്നു
ഓഷ്വിറ്റ്സിലെ ലേബർ ക്യാംപിൽ വെച്ച് രോഗബാധിതനായ ഓട്ടോ ഫ്രാങ്കിനെ ആശുപത്രിയിലേക്കു മാറ്റി . ഒരു ദിവസം വെളുത്ത യൂണിഫോമണിഞ്ഞ കുറേ പടയാളികൾ ആശുപത്രിയിലെത്തി . സോവിയറ്റ് പട്ടാളക്കാരായിരുന്നു അവർ . തടവുകാരെ അവർ നാസിപ്പടയിൽ നിന്നും മോചിപ്പിച്ചു . അങ്ങനെ മാസങ്ങൾക്കു ശേഷം അവർക്ക് നല്ല ഭക്ഷണവും വെള്ളവും കിട്ടി . മോചനം ലഭിച്ചവർക്ക് അവരവരുടെ രാജ്യത്തേക്കു തിരികെ പോകാനുള്ള ഏർപ്പാടുകളും ചെയ്തു . ട്രക്കിലും ട്രെയിനിലും കപ്പലിലുമൊക്കെ യാത്ര ചെയ്താണ് ഓട്ടോ ഫ്രാങ്ക് പോളണ്ടിൽ നിന്ന് ഹോളണ്ടിലെത്തിച്ചേർന്നത് . ഒളിത്താവളത്തിൽ തന്നെ സഹായിച്ച മീപ് ഹെൻക് ദമ്പതികളുടെ അടുത്തേക്കായിരുന്നു അദ്ദേഹം നേരേ പോയത് .
ഭാര്യയുടെ മരണ വിവരം വഴിക്കു വെച്ച് സ്ത്രീതടവുകാരിൽനിന്നും അദ്ദേഹം മനസിലാക്കിയിരുന്നു . അപ്പോഴും മക്കൾ ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം . കോൺസൻട്രേഷൻ ക്യാംപിൽ കഴിഞ്ഞിരുന്നവരോടൊക്കെ അദ്ദേഹം അവരെക്കുറിച്ചു തിരക്കി . ബർഗൻ ബെൽസൻ ക്യാംപ് സഖ്യ സേന മോചിപ്പിച്ചപ്പോൾ അദ്ദേഹം നേരിട്ട് അവിടെയെത്തി മക്കളെകുറിച്ച് തിരക്കി . പക്ഷെ അവരുടെ പേര് മോചിതരായവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല . ഒടുവിൽ ആനും മാർഗോട്ടും ടൈഫസ് പിടിപെട്ടു മരിച്ച വിവരം അറിയിച്ചുകൊണ്ട് ഒരു നേഴ്‌സ് അയച്ച കത്ത് അദ്ദേഹത്തിന് ലഭിച്ചു .
ഡയറി പ്രസിദ്ധീകരണത്തിന്
ക്യാംപിൽനിന്നു മടങ്ങിയെത്തുമ്പോൾ ആനിനു തിരികെ നൽകാൻ കരുതിവെച്ചിരുന്ന ഡയറിയും മറ്റു കുറിപ്പുകളും മീപ് ഓട്ടോ ഫ്രാങ്കിനു കൈമാറി . ഓഫീസ് മുറിയിലെ അലമാരയിൽ തന്നെയായിരുന്നു അവ സൂക്ഷിച്ചുവെച്ചിരുന്നത് . അതു വായിക്കാൻ പലരും ആവശ്യപ്പെട്ടെങ്കിലും അവർ ആർക്കും നൽകിയില്ല . ആൻ ഫ്രാങ്കിന്റെ ഡയറി വായിക്കുന്ന ആദ്യ വ്യക്തി പിതാവ് ഓട്ടോ ഫ്രാങ്ക് ആയിരുന്നു . ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കണമെന്ന് ആദ്യമൊന്നും ഓട്ടോ ഫ്രാങ്ക് ആഗ്രഹിച്ചിരുന്നില്ല . അദ്ദേഹം അവ ടൈപ്പ് ചെയ്തു സൂക്ഷിച്ചു . ഡയറി വായിച്ച പല സുഹൃത്തുക്കളും അതിന്റെ ഉള്ളടക്കം ലോകത്തെ അറിയിക്കാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം തീരുമാനമെടുക്കാനാവാതെ വിഷമിച്ചു .
അങ്ങനെയിരിക്കേ ആംസ്റ്റർഡാമിലെ ഹിസ്റ്ററി പ്രഫസർ ആനിന്റെ ഡയറിയെ ആധാരമാക്കി " വോയ്സ് ഓഫ് ചിൽഡ്രൻ " എന്ന ലേഖനമെഴുതി പത്രത്തിൽ പ്രസിദ്ധീകരിച്ചു . ഓട്ടോ ഫ്രാങ്കിന്റെ അനുമതിയില്ലാതെയാണ് അദ്ദേഹം ഡയറി വായിച്ചത് . അതോടെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു .
" ദ ബാക്ക് ഹൗസ് " എന്ന പേരിൽ ഡയറിയുടെ ആദ്യ പതിപ്പ് 1947 ൽ പ്രസിദ്ധീകരിച്ചു .
മുതിർന്ന ഒരാളെപ്പോലെയാണ് ആൻഫ്രാങ്ക് എഴുതിയതും സംസാരിച്ചതും . ഒരു പതിമൂന്നുകാരിയുടെ ഡയറിക്കുറിപ്പുകളാണ് അവയെന്നു പലരും വിശ്വസിച്ചിരുന്നില്ല . അത്രയ്ക്കു വിശാലമായിരുന്നു ആനിന്റെ ഭാവനയും കാഴ്ചപ്പാടുകളും . ആനിന്റെ അമ്മ ഈഡിത്ത് ഒരിക്കൽ മകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു " ദൈവം എല്ലാം അറിയുന്നു . ആൻ എല്ലാ കാര്യങ്ങളും കുറച്ചുകൂടി നന്നായി അറിയുന്നു . ഒളിയിടത്തിൽനിന്ന് ഏതുനിമിഷവും പിടിക്കപ്പെടാമെന്നും മരണം ഉറപ്പാണന്നും ആനിന് അറിയാമായിരുന്നു . എന്നാൽ ജീവിതത്തോടുള്ള അടങ്ങാത്ത കൊതി അവൾക്കു ധൈര്യം പകർന്നു . ആത്മവിശ്വാസം മുറ്റിയതായിരുന്നു അവളുടെ വാക്കുകൾ . ആൻ തന്റെ ഡയറിക്ക് കിറ്റി എന്നാണ് പേര് ഇട്ടിരുന്നതും വിളിച്ചിരുന്നതും
ഡയറി ജനഹൃദയങ്ങളിലേക്ക്
ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ലോകം ആവേശത്തോടെയാണു സ്വീകരിച്ചത് .
" ദ ഡയറി ഓഫ് ആൻഫ്രാങ്ക് " അറുപതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു . രണ്ടരക്കോടി കോപ്പികൾ ആണ് വിറ്റഴിഞ്ഞത് . ബൈബിളിനുശേഷം കഥേതരവിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെട്ട പുസ്തകം . പുതുതലമുറയിലെ കുട്ടികൾക്കും മുതിർന്നവർക്കും പ്രതീക്ഷയും ധൈര്യവും നൽകുന്നു ആൻ . ഒളിയിടത്തിലിരുന്ന് ആൻ എഴുതിയ കുറിപ്പുകളാണ് തനിക്ക് ധൈര്യവും ആത്മവിശ്വാസവും നൽകിയതെന്ന് ജയിൽ മോചിതനായ ശേഷം നെൽസൻ മണ്ടേല പറയുകയുണ്ടായി . ഹോളണ്ടിൽ വെച്ചാണ് ആൻ ഫ്രാങ്ക് ഡച്ചു ഭാഷ എഴുതാനും സംസാരിക്കാനും പഠിച്ചത് . ആൻ ഡയറി എഴുതിയതും ഡച്ച് ഭാഷയിൽ ആയിരുന്നു .
ആനിന്റെ പേരിൽ ഇന്ന് സ്കൂളുകളും തെരുവുകളും ഉണ്ട് . ബെൽജിയത്തിൽ ഒരുതരം റോസാച്ചെടി ആൻ ഫ്രാങ്ക് റോസ് എന്നാണ് അറിയപ്പെടുന്നത് . 1940 വരെ ആൻ പഠിച്ച ആംസ്റ്റർഡാമിലെ മോണ്ടിസോറി സ്കൂൾ ഇന്ന് ആൻ ഫ്രാങ്ക് സ്കൂൾ എന്നാണ് അറിയപ്പെടുന്നത് .
ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്കിന്റെ ഒളിത്താവളം ഇന്ന് മ്യുസിയം ആണ് . ആൻ ഭിത്തിയിൽ ഒട്ടിച്ചുവെച്ചിരുന്ന സിനിമാ പോസ്റ്ററുകൾ വരെ അവിടെ സൂക്ഷിച്ചിരിക്കുന്നു . ഓറഞ്ച് നിറത്തിൽ ഉള്ള പുറം ചട്ടയുള്ള ആനിന്റെ ഡയറിയും ഇവിടെ കാണാം . വർഷം തോറും കോടിക്കണക്കിന് ആളുകൾ ആണ് ഇവിടം സന്ദർശിക്കുന്നത് .
ഒരു വ്യക്തിയെ കുറിച്ച് എഴുതുമ്പോൾ ആ വ്യക്തിയുടെ ജീവിതത്തിൽ നടന്ന ചെറുതും വലുതുമായ എന്നാൽ വളരെ പ്രധാനപ്പെട്ടത് എന്ന് തോന്നുന്ന കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തേണ്ടതായി ഉണ്ട് . ഒരുപാട് പുസ്തകങ്ങളിൽ നിന്നും ശേഖരിച്ച അറിവുകൾ ആണ് ഞാൻ ഇവിടെ ക്രോഡീകരിച്ച് എഴുതിയിരിക്കുന്നത് . ഒരുപാട് വലുപ്പം ആയി തോന്നാം എങ്കിലും എല്ലാവരും വായിക്കുക .
0 Comments
thanks for u r feedback