ലോകത്തിലെ ഏറ്റവും തിളക്കമുള്ള പുരസ്ക്കാരം ഏത് എന്ന ചോദ്യത്തിനുള്ള ഉത്തരം അക്ഷരാർഥത്തിൽ യോജിക്കുന്നത് ഒരുപക്ഷേ ഒരേ ഒരു അവാർഡിന് ആയിരിക്കും ഓസ്കാർ . ഇംഗ്ലീഷ് സിനിമാ ലോകത്തിലെ ഏറ്റവും വലിയ അവാർഡ് ആയ ഓസ്കാറിനെ പറ്റി നമുക്ക് വായിച്ചറിയാം .
അമേരിക്കയിലെ " അക്കാദമി ഓഫ് മോഷൻപിക്ചർ ആർട്‌സ് ആൻഡ് സയൻസ് " ആണ് ഈ ബഹുമതി സമ്മാനിക്കുന്നത് . അത്കൊണ്ട് തന്നെ അക്കാദമി അവാർഡ് എന്നും ഓസ്കാർ അറിയപ്പെടുന്നു .
കഴിഞ്ഞ തൊണ്ണൂറ്റിനാല് വർഷങ്ങൾ ആയി അക്കാദമി ഓസ്കാർ അവാർഡുകൾ വിതരണം ചെയ്യുന്നു . 1927 മുതൽ ഉള്ള ചിത്രങ്ങളുടെ പ്രവർത്തകർക്കാണ് ഈ വമ്പൻ പുരസ്ക്കാരം വാങ്ങുവാനുള്ള ഭാഗ്യം ഉണ്ടായത് .
ഇംഗ്ലീഷ് സിനിമകൾക്കുള്ള അവാർഡ് ആണ് ഓസ്കാർ എന്നിരുന്നാലും പിൽക്കാലത്തു മികച്ച വിദേശ ഭാഷ ചിത്രത്തിനും അവാർഡ് ഏർപ്പെടുത്തി ആ വിഭാഗത്തിലാണ് നമ്മുടെ "ലഗാനും" "നായകനും" ഒക്കെ മത്സരിച്ചത് .
ഓസ്കാറിന്റെ പിറവി
1927 ജനുവരി 11 ലോകസിനിമാചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ അവാർഡിന്റെ തുടക്കം അന്നായിരുന്നു . അമേരിക്കയിലെ 36 ചലച്ചിത്ര പ്രവർത്തകർ ഒത്തുചേർന്ന് അന്ന് ഒരു പ്രസ്ഥാനത്തിന് രൂപം നൽകി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസ് .
മെട്രോ ഗോൾഡ്‌വിൻ മേയർ (എം ജി എം) എന്ന ചലച്ചിത്ര നിർമാണ കമ്പനിയുടെ തലവൻ ആയിരുന്ന ലൂയി ബി മേയർ ആയിരുന്നു ഈ പരിപാടിക്ക് നേത്ര്യത്വം വഹിച്ചത് . അമേരിക്കയിലെ ലൊസാഞ്ചലസിലെ അംബാസഡർ ഹോട്ടലിൽ നടന്ന ആദ്യ യോഗത്തിൽ തന്നെ അക്കാദമിയുടെ കാര്യത്തിൽ തീരുമാനം ആയി . അക്കാലത്തെ പ്രശസ്ത ഹോളിവുഡ് അഭിനേതാക്കളായ ഡഗ്ളസ് ഫെയർ ബാങ്ക്‌സ് , മേരി പിക് ഫോർഡ് , കോൺറാഡ് നഗേൽ , റിച്ചാർഡ് ബർത്തൽമെസ് , സംവിധായകർ ആയ ഫ്രാങ്കിലോയ്ഡ് , റാവുൾ വാൽഷ് , ഹെൻറി കിംഗ് , ഫ്രെഡ് നിബ്ലോ , ആർട് ഡയറക്ടർ സെഡ്റിക് ഗിബൻസ് തുടങ്ങിയവരും യോഗത്തിൽ ഉണ്ടായിരുന്നു . സിനിമാ രംഗത്തെ സാങ്കേതിക വിദഗ്ധരുടെയും അഭിനേതാക്കളുടെയും എഴുത്തുകാരുടെയും സംയുക്ത സംരംഭം ആയിരുന്നു ഈ അക്കാദമി .
1927 മാർച്ച് 19 ന് അക്കാദമിയുടെ ലക്ഷ്യങ്ങൾക്കും പ്രവർത്തനശൈലിക്കും അന്തിമ രൂപം ആയി . സിനിമ എന്ന മാധ്യമത്തിന്റെ കലാപരമായ മേന്മയെ പ്രോത്സാഹിപ്പിക്കുക അതിനായി പ്രവർത്തിക്കുന്നവരെ അംഗീകരിക്കുക എന്നിവ ആയിരുന്നു അക്കാദമിയുടെ മുഖ്യ ലക്ഷ്യങ്ങൾ .
1927 മേയ് 4 ന് ഹോളിവുഡിലെ ബിൽറ്റ്മോർ ഹോട്ടലിൽ അക്കാദമിയുടെ ഒരു യോഗം നടന്നു . അതിനുശേഷം നടന്ന വിരുന്നുസൽക്കാരത്തിനിടയിൽ ആണ് പ്രസിദ്ധമായ ഓസ്കാർ ശില്പത്തിന്റെ പിറവി . മെട്രോ ഗോൾഡ്‌വിൻ മേയർ ന്റെ ചീഫ് ആർട് ഡയറക്ടർ ആയിരുന്ന സെഡ്റിക് ഗിബൺസ് ഹോട്ടലിലെ ഒരു മേശവിരിയിൽ പെൻസിൽ കൊണ്ട് വരച്ച ചിത്രം ആയിരുന്നു അത് .
അഞ്ച് ദ്വാരങ്ങൾ ഉള്ള ഒരു ഫിലിം റീലിൽ ഇരുവശവും മൂർച്ചയുള്ള വാൾ പിടിച്ചുനിൽക്കുന്ന ഒരു യോദ്ധാവിന്റെ രൂപം ആണ് ഗിബൺ വരച്ചത് . ഫിലിം റീലിലെ അഞ്ച് ദ്വാരങ്ങൾ അക്കാദമിയുടെ അഞ്ച് മുഖ്യ ശാഖകളെ സൂചിപ്പിക്കുന്നതിനായിരുന്നു . അതായത് നിർമാതാക്കൾ , എഴുത്തുകാർ , സംവിധായകർ , അഭിനേതാക്കൾ , സാങ്കേതിക വിദഗ്ധർ എന്നിവർ ആണ് അത് .
ഗിബൺസിന്റെ രേഖാ ചിത്രം നോക്കി ജോർജ് സ്റ്റാൻലി എന്ന ശില്പി ആണ് നമ്മൾ ഇന്ന് കാണുന്ന തരത്തിൽ ഉള്ള ഓസ്കാർ ശില്പം നിർമ്മിച്ചത് . 1928 ൽ 13.5 ഇഞ്ച് ഉയരവും 8.5 പൗണ്ട് ( 3.85 കിലോഗ്രാം ) തൂക്കവും ഉള്ള ശില്പം . 92.5 ശതമാനം തകരവും 7.5 ശതമാനം ചെമ്പും ആണ് ഇതിൽ ഉപയോഗിക്കുന്നത് . പിന്നീട് ഇതിൽ 14 കാരറ്റ് സ്വർണം പൂശുകയും ചെയ്യും .
അവാർഡ് ആർക്ക് ?
സിനിമയിലെ വിവിധ മേഖലകളിൽ കഴിവ്തെളിയിച്ച ഏതാണ്ട് 9362 പേർ അക്കാദമിയിൽ അംഗങ്ങൾ ആണ് . ഇവർ ആണ് അവാർഡ് ആർക്കൊക്കെ നൽകണം എന്ന് തീരുമാനിക്കുന്നത് . പല ഘട്ടങ്ങളിലായാണ് ഓസ്കാർ അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത് . പ്രഥമ റൗണ്ടിൽ മികച്ച ചിത്രം , സംവിധായകൻ , നടൻ , നടി , സഹ നടി , സഹ നടൻ , എന്നീ അവാർഡുകൾക്കായി രഹസ്യ വോട്ടിലൂടെ 5 പേരെ വീതം നാമ നിർദേശം ചെയ്യുന്നു .
തിരക്കഥ , ഗാനരചന , സംഗീതം , പശ്ചാത്തല സംഗീതം , ഛായാഗ്രഹണം , ചിത്ര സന്നിവേശം , കലാസംവിധാനം , വസ്ത്രാലങ്കാരം , ശബ്ദലേഖനം , സ്‌പെഷ്യൽ എഫക്ട് തുടങ്ങിയ വിഭാഗങ്ങളിലേക്കുള്ള അവാർഡിനായി അതാത് രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി ഓരോ കമ്മിറ്റികൾ രൂപീകരിക്കുന്നു . ഓരോ വിഭാഗത്തിൽ നിന്നും അഞ്ച് പേരെ വീതം ഈ കമ്മിറ്റികൾ നാമ നിർദേശം ചെയ്യും .
നാമ നിർദേശം ചെയ്യപ്പെട്ടവരിൽ നിന്ന് വിജയിയെ അക്കാദമി അംഗങ്ങൾ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുക്കും . അക്കാദമി നിയോഗിക്കുന്ന ഒരു അക്കൗണ്ട്സ് കമ്മിറ്റിയാണ് ബാലറ്റ് പേപ്പർ എണ്ണി വിജയികളുടെ ലിസ്റ്റ് തയ്യാറാക്കുന്നത് .
1936 മുതൽ ഇത് ചെയ്യുന്നത് " പ്രൈസ് വേറ്റർ ഹൗസ് ആൻഡ് കമ്പനി " ആണ് . പിന്നീട് ലിസ്റ്റിന്റെ രണ്ടു കോപ്പികൾ പ്രത്യേകം കവറുകളിലാക്കി സീൽ ചെയ്യും . ഒരു കോപ്പി പ്രൈസ് വാട്ടർ ഹൗസ് കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നു . അവാർഡ് ദാന ചടങ്ങിൽ ഈ ഉദ്യോഗസ്ഥൻ അവാർഡ് പ്രഖ്യാപിക്കുന്ന ആൾക്ക് കവർ കൈമാറും . രണ്ടാമത്തെ കവറുമായി മറ്റൊരു ഉദ്യോഗസ്ഥൻ കാണികൾക്കൊപ്പം ഹാളിൽ ഇരിക്കും . എന്തെങ്കിലും കാരണവശാൽ ആദ്യത്തെ ഉദ്യോഗസ്ഥൻ വരാതിരുന്നാൽ രണ്ടാമൻ സ്റ്റേജിൽ എത്തി കവർ നൽകണം . പക്ഷെ ഓസ്കറിന്റെ ചരിത്രത്തിൽ ഇതുവരെ ഈ ഉദ്യോഗസ്ഥന് സ്റ്റേജിൽ കയറേണ്ടി വന്നിട്ടില്ല .
ഓസ്കാർ ടെലിവിഷനിൽ
ആദ്യമായി ഓസ്കാർ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത 1959 മാർച്ച് 19 നായിരുന്നു നാഷണൽ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ആണ് സംരക്ഷണ ചുമതല വഹിച്ചത് . ഈ സംപ്രേഷണം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു . അവാർഡ് ദാന ചടങ്ങിന്റെ കളറിലുള്ള സംപ്രേക്ഷണം 1966 ഏപ്രിൽ 18 നാണ് ആദ്യമായി നടന്നത് . സാന്താ മോനിക്കാ സിവിക് ഓഡിറ്റോറിയത്തിൽ നിന്ന് നാഷണൽ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ തന്നെയാണ് ആ സംപ്രേക്ഷണവും നടത്തിയത് . 1970 കൾക്ക് ശേഷം സാറ്റലൈറ്റ് മുഖേന ലോകമെമ്പാടുമുള്ള ടെലിവിഷൻ കേന്ദ്രങ്ങൾ അവാർഡ്ദാന പരിപാടികൾ സംപ്രേഷണം ചെയ്തുവരുന്നു .
ഓസ്കാർ റെക്കോർഡുകൾ
വിംഗ്‌സ്
ആദ്യത്തെ അക്കാദമി അവാർഡ് നേടിയ ചിത്രമാണിത് പാരമൗണ്ട് പിക്ചേഴ്സിനു വേണ്ടി ലൂസിയൻ ഹബാർഡ് നിർമ്മിച്ച ഈ ചിത്രം വില്യം എ വെൽമാൻ ആണ് സംവിധാനം ചെയ്തത് ( 1927 - 28 ) മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ ഏക നിശ്ശബ്ദചിത്രം കൂടിയാണ് വിംഗ്‌സ് . ഒന്നാംലോകമഹായുദ്ധകാലത്തെ രണ്ട് അമേരിക്കൻ പൈലറ്റുമാരുടെ പ്രണയ കഥയാണ് ഈ സിനിമ പറയുന്നത് .
മികച്ച സംവിധായകനുള്ള ആദ്യത്തെ ഓസ്കാർ രണ്ട് പേർ പങ്കിട്ടു ഫ്രാങ്ക് ബോർസേജും ലെവിസ് മൈൽസ്റ്റോണും . സെവൻത് ഹെവെൻ എന്ന ചിത്രമാണ് ഫ്രാങ്ക് ബോർസേജിനെ അവാർഡിന് അർഹനാക്കിയത് . റ്റു അറേബ്യൻ നൈറ്റ്‌സ് എന്ന ചിത്രം ലെവിസ് മൈൽസ്റ്റോണിന് അവാർഡ് നേടിക്കൊടുത്തു .
മികച്ച നടനുള്ള ആദ്യ ഓസ്കാർ നേടിയത് എമിൽ ജെന്നിങ്‌സ് ആയിരുന്നു . ദി വേ ഓഫ് ഓൾ ഫ്ലഷ് , ദി ലാസ്റ്റ് കമാൻഡ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജെന്നിങ്സിന് അവാർഡ് നേടിക്കൊടുത്തത് . സെവൻത് ഹെവനിലും , സ്ട്രീറ്റ് ഓഫ് എയ്ഞ്ചലിലും , സൺറൈസിലും മികച്ച പ്രകടനം കാഴ്ചവെച്ച ജാനെറ്റ് ഗെയ്‌നർ ആയിരുന്നു ഓസ്കാർ നേടിയ ആദ്യത്തെ നടി .
അക്കാദമി അവാർഡ് നേടിയ ആദ്യത്തെ ശബ്ദ ചിത്രം " ദി ബ്രോഡ് വേ മെലഡി " ആണ് ( 1929 ) . എം ജി എമ്മിന് വേണ്ടി ഹാരി ബ്യുമോണ്ടാണ് ഇത് സംവിധാനം ചെയ്തത് .
ഏറ്റവും കൂടുതൽ ഓസ്കാർ നേടിയ റെക്കോർഡ് മൂന്ന് ചിത്രങ്ങൾക്കാണ് . പതിനൊന്ന് ഓസ്കറുകൾ വീതം നേടിയ ബെൻഹർ , ടൈറ്റാനിക് , ദി ലോർഡ് ഓഫ് ദി റിങ്‌സ് : ദി റിട്ടേൺ ഓഫ് ദി കിംഗ് എന്നിവ ആണ് അവ .
എം ജി എമ്മിന് വേണ്ടി സാം സിംബലിസ്റ് നിർമിച്ച് വില്ല്യം വൈലർ സംവിധാനം ചെയ്ത സിനിമ ആണ് ബെൻഹർ .
മികച്ച ചിത്രം , സംവിധായകൻ , നടൻ , സഹനടൻ , കളർ സിനിമാറ്റോഗ്രാഫി , കലാ സംവിധാനം , എഡിറ്റിംഗ് , വേഷാലങ്കാരം , ശബ്ദലേഖനം , മ്യൂസിക് സ്കോർ , സെറ്റ് ഡെക്കറേഷൻ , എന്നിവയ്ക്കാണ് 1959 ൽ ബെൻഹർ ഓസ്കാർ നേടിയത് .
ജയിംസ് കാമറോൺ സംവിധാനം ചെയ്ത ടൈറ്റാനിക്കിന് 1997 ൽ മികച്ച ചിത്രം , സംവിധായകൻ , ഛായാഗ്രഹണം , കലാ സംവിധാനം , എഡിറ്റിംഗ് , ഒറിജിനൽ സോങ് , ഒറിജിനൽ ഡ്രാമാറ്റിക് സ്കോർ , വിഷ്വൽ എഫക്ട് , സൗണ്ട് എഫക്ട് , എഡിറ്റിംഗ് , ശബ്ദലേഖനം , വേഷാലങ്കാരം , എന്നീ ഇനങ്ങളിൽ ആണ് ഓസ്കാർ ലഭിച്ചത് .
2003 ൽ ബാരി ഓസ്ബോൺ നിർമിച്ച് പീറ്റർ ജാക്സൻ സംവിധാനം ചെയ്ത സിനിമ ആണ് ദി ലോർഡ് ഓഫ് റിങ്‌സ് : ദി റിട്ടേൺ ഓഫ് ദി കിംഗ് . മികച്ച ചിത്രം , സംവിധായകൻ , കലാസംവിധാനം , അഡാപ്റ്റഡ് സ്ക്രീൻ പ്ലേ , വേഷാലങ്കാരം , മേക്കപ്പ് , സൗണ്ട് മിക്സിങ് , വിഷ്വൽ എഫക്ട് , ഒറിജിനൽ സ്കോർ , എഡിറ്റിംഗ് , മികച്ച ഗാനം എന്നിവയ്ക്കുള്ള ഓസ്കറുകൾ ആണ് ഈ ചിത്രം സ്വന്തമാക്കിയത് .
ഓസ്കാർ നേടിയ സംവിധായകർ
മികച്ച സംവിധായകനുള്ള ഓസ്കർ ഏറ്റവും കൂടുതൽ തവണ നേടിയത് ജോൺ ഫോർഡ് ആണ് നാലു തവണയാണ് ഫോർഡിന് അക്കാദമി അവാർഡുകൾ ലഭിച്ചത് . 1935 , 1940 , 1941 , 1952 വർഷങ്ങളിലായിരുന്നു ഇത് . മികച്ച സംവിധായകനുള്ള ഓസ്കർ മൂന്ന് തവണ നേടിയ രണ്ടുപേരുണ്ട് , ഫ്രാങ്ക് കാപ്രയും വില്യം വൈലറും . 1934 , 1936 , 1938 വർഷങ്ങളിലായിരുന്നു കാപ്രയ്ക്ക് അവാർഡ് ലഭിച്ചത് . വൈലർക്ക് 1942 , 1946 , 1959 വർഷങ്ങളിലും അവാർഡ് ലഭിച്ചു . രണ്ട് ചിത്രങ്ങൾക്ക് വീതം നല്ല സംവിധായകനുള്ള ഓസ്കർ സ്വന്തമാക്കിയവർ ഒട്ടേറെപ്പേരുണ്ട് , ലെവിസ് മൈൽസ്റ്റാൺ , ഫ്രാങ്ക് ബോർസേജ് , ഫ്രാങ്ക് ലോയ്ഡ് , ലിയോ മക് കാരി , ജോർജ് സ്റ്റിവെൻസ് , ജോസഫ് മാങ്കി വിക്സ് , ബില്ലി വൈൽഡർ , ഫ്രെഡ് സിന്നമാൻ , ഡേവിഡ് ലീൻ , റോബെർട് വൈസ് , മിലോസ് ഫോർമൻ , ഒലിവർ സ്റ്റോൺ , സ്റ്റീവൻ സ്പീൽബർഗ് , എലിയ കസാൻ എന്നിവർ ആണ് കൂടുതൽ തവണ ഓസ്കാർ നേടിയ സംവിധായകർ .
മികച്ച നടന്മാർ
മികച്ച നടനുള്ള ഓസ്കാർ രണ്ടുതവണയിൽ കൂടുതൽ ആരും സ്വന്തമാക്കിയിട്ടില്ല . രണ്ടുതവണ ഈ ബഹുമതി കിട്ടിയവർ ആകട്ടെ ആറുപേർ ഉണ്ട് . അവർ ആരൊക്കെ എന്ന് നോക്കാം .
ഫ്രെഡറിക് മാർച്ച് ( 1932,1946 ) , സ്പെൻഡർ ട്രേസി ( 1937,1938 ) , മാർലൻ ബ്രാൻഡോ ( 1954,1972 ) , ഡസ്റ്റിൻ ഹോഫ്മാൻ ( 1979,1988 ) ,
ജാക്ക് നിക്കോൾസൺ ( 1975,1997 ) ,
ടോം ഹാങ്ക്സ് ( 1993,1994 ) ,
ഇവർ ആണ് രണ്ടു തവണ മികച്ച നടനുള്ള ഓസ്കാർ അവാർഡ് സ്വന്തമാക്കിയവർ .
മികച്ച നടികൾ
മികച്ച നടിക്കുള്ള ഓസ്കാർ നാല് തവണ ലഭിക്കുക എന്ന സ്വപ്ന നേട്ടത്തിന് ഉടമയായ അഭിനയ ചക്രവർത്തിയാണ് കാതറിൻ ഹെപ്ബേൺ . 1933 , 1967 , 1968 , 1981 വർഷങ്ങളിൽ ആണ് ഇവർ ഓസ്കാർ കരസ്ഥമാക്കിയത് .
ഇനി നമുക്ക് 2021 ൽ നടന്ന ഓസ്കാർ അവാർഡിലെ വിജയികളെ പരിചയപ്പെടാം . 2021 ൽ 93 മത് ഓസ്കാർ അവാർഡ് ദാന ചടങ്ങാണ് നടന്നത് .
മികച്ച ചിത്രം - നോമാഡ് ലാന്‍ഡ്
മികച്ച നടി - ഫ്രാൻസിസ് മാക് ഡോർമാഡ്
മികച്ച നടൻ - ആന്റണി ഹോപ്കിൻസ്
മികച്ച സംവിധായകൻ - ക്ലോ ചാവോ ( Chloe Zhao )
ഇത്രയും ആണ് ഓസ്കറിനെ സംബന്ധിക്കുന്ന വിവരങ്ങൾ .
0 Comments
thanks for u r feedback