ആമുഖം
ഇത് ചെറിയ ഒരു കഥയാണ് . ദൈവം ഉണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്നു എങ്കിൽ അതുപോലെ തന്നെ ദുഷ്ടശക്തിയും ഉണ്ട് എന്ന് നമ്മൾ വിശ്വസിക്കേണ്ടതാണ് . പല വ്യക്തികളും ദുർമന്ത്രവാദം ഉപയോഗിച്ചും ആളുകളെ വശീകരിച്ചും അവരവരുടെ ആഗ്രഹങ്ങൾ സാധിച്ചെടുക്കുന്നു . ദുർമന്ത്രവാദം ഉപയോഗിച്ച് ഇങ്ങനെ എല്ലാം ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചാൽ അതിനെ പറ്റി വ്യക്തമായ ധാരണ എനിക്ക് ഇല്ല . ഈ കഥ വായിക്കുന്ന എല്ലാവരും ഇത് വെറും കഥ ആണ് എന്ന് ചിന്താ ഗതിയോടെ മാത്രം വായിക്കുക.
മനയ്ക്കൽ തറവാട്
പുഴകളും തോടുകളും മഞ്ഞ് പുതച്ചുനിൽക്കുന്ന മലയുടെ താഴ് വാരങ്ങളും നിറഞ്ഞ ഒരു സുന്ദരമായ ഒരു ഗ്രാമം . ആ ഗ്രാമത്ത് തല ഉയർത്തി നിൽക്കുന്ന ഒരു തറവാട് ഉണ്ട് മനയ്ക്കൽ തറവാട് . ആ നാട്ടുകാരുടെ അഭിമാനം ആണ് ആ തറവാട് . ആരും ഒന്നും കാണാൻ കൊതിക്കുന്ന ഒരു വീട് .
പൂരത്തിന് ജനസാഗരങ്ങളുടെ ഇടയിൽ ഗജവീരൻ തിടമ്പേറ്റി നിൽക്കുന്നതു പോലെ തെങ്ങിൻ തോപ്പിനും വാഴത്തോട്ടത്തിനും ഇടയിലായി തല ഉയർത്തി നിൽക്കുന്ന മനയ്ക്കൽ തറവാട് .
നോക്കിയാൽ കണ്ണ് എടുക്കാൻ പറ്റാത്ത വിധം ആണ് മനയ്ക്കൽ തറവാടിന്റെ ശില്പഭംഗിയും അതിന്റെ ഓരോ നിർമ്മിതിയും . വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും തറവാടിന്റെ ഭംഗിക്ക് ഒരുകോട്ടവും തട്ടിയിട്ടില്ല .
തറവാടിന്റെ മുൻപിൽ കാവലായി ഒരു കരിവീരൻ ഉണ്ടായിരുന്നു . നാട്ടുകാരുടെ പൊന്നോമനയായ മനയ്ക്കൽ അർജ്ജുനൻ എന്ന ആന .
എന്നാൽ വാർധക്യ സഹചമായ അസുഖങ്ങളാൽ അർജ്ജുനൻ ഭൂലോകത്ത് നിന്ന് വിടവാങ്ങി .
പണ്ട് കാലത്ത് ഉണ്ടായിരുന്ന പ്രതാപവും ആരവാരങ്ങളും ആൾ തിരക്കൊന്നും ഇപ്പോൾ മനയ്ക്കൽ തറവാടിന് ഇല്ല . സൂര്യന്റെ അസ്തമയത്തേക്കാൾ വേഗത്തിൽ ആയിരുന്നു മനയ്ക്കൽ തറവാടിന്റെ പതനം .
പണ്ട് കാലത്ത് ഒരുപാട് അംഗങ്ങൾ ഉണ്ടായിരുന്നു തറവാട്ടിൽ എന്നാൽ ഇപ്പോൾ അവർ ആരും തന്നെ ഇല്ല . പിന്നെ ഇപ്പോൾ ഉള്ളത് മനയ്ക്കൽ ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ സന്തത സഹചാരിയും ഭാര്യയുമായ വത്സലകുമാരി അന്തർജനവും അവരുടെ മക്കളായ ദേവനും ഗീതയും .
ഇവർ മാത്രമാണ് ഇപ്പോൾ മനയ്ക്കൽ തറവാടിൽ താമസം .
പിന്നെ അകന്ന ബന്ധത്തിൽ ഉള്ള ശ്രീധരനും കുടുംബവും . പക്ഷെ അവരെ ചന്ദ്രശേഖരൻ തറവാട്ടിലോട്ട് അടുപ്പിക്കാറേ ഇല്ല . അതിന് ഒരു കാരണവും ഉണ്ട് . ശ്രീധരനും കുടുംബവും മനയ്ക്കലിൽ ആയിരുന്നു ഒരുകാലത്ത് താമസം പക്ഷെ ശ്രീധരന്റെ ദുർമന്ത്രവാദത്തോടുള്ള താത്പര്യവും കാശിനോടുള്ള അത്യാർഥിയും ചന്ദ്രശേഖരനിൽ നിന്നും ശ്രീധരനെയും കുടുംബത്തെയും അകറ്റി .
കാലങ്ങൾക്ക് ഇപ്പുറവും ഇന്ന് നാട്ടുകാരുടെ ഒരു പേടി സ്വപ്നം ആണ് മനയ്ക്കൽ തറവാട് . ഒരുകാലത്ത് മനയ്ക്കൽ തറവാടിനെ പറ്റി പെരുമയോടെ പറഞ്ഞ നാട്ടുകാർ ഇന്ന് ആ പേര് പറയുവാൻ തന്നെ ഭയപ്പെടുന്നു .
അതിന് ഒരു കാരണം ഉണ്ട് .
നാല് ദുർമരണങ്ങൾ ആണ് തറവാട്ടിൽ നടന്നത് . ചന്ദ്രശേഖരനും ഭാര്യയും മക്കളും ദുർമരണപ്പെട്ടു എന്ന വാർത്ത നാട്ടുകാരുടെ ഉള്ളിൽ മനയ്ക്കൽ തറവാട് ഒരു പേടി സ്വപ്നം ആയി വളർന്നു വരുവാൻ തുടങ്ങി . അതു മാത്രം അല്ല . രാത്രി കാലങ്ങളിൽ തറവാടിന്റെ ചുറ്റുഭാഗങ്ങളിൽ നിന്നും പരിചയമില്ലാത്ത ശബ്ദങ്ങളും നിലവിളികളും കേൾക്കാറുണ്ട് എന്ന് ആ നാട്ടിൽ പരക്കെ ഒരു സംസാരവുമുണ്ട് . ചില വ്യക്തികൾ തറവാടിന്റെ അതിരുകളിൽ ചില വികൃത രൂപങ്ങൾ
കണ്ടതായും പറയുന്നു . ഇത് ഭയന്ന് രാത്രിയുടെ യാമങ്ങളിൽ ആരും തന്നെ ആ വഴിക്ക് പോകാറില്ല . ഇപ്പോൾ തറവാടിന്റെ മേൽ നോട്ടം കുടുംബത്തിലെ അകന്ന ബന്ധുവായ ശ്രീധരന്റെ ചുമലിൽ ആണ് . പക്ഷെ ശ്രീധരന് കുടുംബമായി മനയ്ക്കൽ തറവാട്ടിലേക്ക് വരുവാൻ പേടിയായി . ആർക്കും തന്നെ തറവാട്ടിലേക്ക് വന്ന് താമസിക്കുവാൻ തീരെ താൽപ്പര്യവുമില്ല . പക്ഷെ ഇത്രയും വലിയൊരു തറവാട് അങ്ങനെ ആർക്കും ഉപകാരം ഇല്ലാതെ നശിച്ചുപോകരുതല്ലോ . അങ്ങനെ ശ്രീധരൻ ഒരു തീരുമാനത്തിൽ എത്തി . തറവാട് വിൽക്കാം . ഇത്രയും വലിയൊരു വീട് നോക്കി നടത്തുവാൻ തന്നെ വലിയ പണി ആണ് .
അങ്ങനെ തറവാട് വാങ്ങുവാൻ പറ്റിയൊരാളെ ശ്രീധരൻ തേടി നടന്നു . അങ്ങനെ അവസാനം ദൂര ദേശത്തുള്ള രാമകൃഷ്ണ നമ്പ്യാർ എന്ന വ്യക്തി സമ്മതം മൂളി . മനയ്ക്കൽ തറവാടിനെ പറ്റിയുള്ള ചില കാര്യങ്ങൾ എല്ലാം തന്നെ അദ്ദേഹം കേട്ടിരുന്നു . അതിലൊന്നും വിശ്വസിക്കാൻ നമ്പ്യാർ തയ്യാറായിരുന്നില്ല . കാരണം അദ്ദേഹം നിരീശ്വര വാദി ആയിരുന്നു . ദൈവം ഇല്ലെങ്കിൽ ദുഷ്ടശക്തിയും ഇല്ല എന്ന വിശ്വാസം ആയിരുന്നു അദ്ദേഹത്തിന് .
ദിവസങ്ങൾക്ക് ശേഷം നല്ലൊരു തുകയ്ക്ക് മനയ്ക്കൽ തറവാട് നമ്പ്യാരുടെ കയ്യിൽ ആയി .
നമ്പ്യാരും കുടുംബവും മനയ്ക്കൽ തറവാട്ടിൽ താമസം തുടങ്ങുന്നതിന് മുൻപ് നമ്പ്യാരും കുറച്ച് സുഹൃത്തുക്കളും ചേർന്ന് മനയ്ക്കലിൽ താമസം തുടങ്ങി .
നമ്പ്യാരും സുഹൃത്തുക്കളും മനയ്ക്കലിൽ സമയം ചിലവഴിച്ചു .
മനയ്ക്കൽ തറവാടിനോടും ആ നാട്ടുകാരോടും യാത്ര പറഞ്ഞ് സൂര്യൻ ഇരുളിലേക്ക് മറഞ്ഞു . ചന്ദ്രൻ തന്റെ വരവ് അറിയിച്ചു . നല്ല നിലാവുള്ള രാത്രിയിൽ നമ്പ്യാരും സുഹൃത്തുക്കളും തണുത്ത കാറ്റ് കൊണ്ട് തറവാടിന്റെ പുറത്ത് ഇരിക്കുകയായിരുന്നു . ദൂരെ നിന്നും ആരുടെയോ നിലവിളി അവർ കേട്ടു . അവർ നിലവിളി കേട്ട ഭാഗത്തേക്ക് പോയി . അവിടെ എത്തിയതും അതാ മറ്റൊരു ഭാഗത്തു നിന്ന് വേറൊരു ശബ്ദം കേൾക്കുന്നു .
അങ്ങനെ തറവാടിന്റെ നാല് അതിരുകളിൽ നിന്നായി രക്ഷിക്കണേ എന്ന നിലവിളി കേൾക്കാൻ തുടങ്ങി .
നമ്പ്യാരുടെ സുഹൃത്തുക്കളുടെ ഉള്ളിൽ ഭയം ഏറിവരുവാൻ തുടങ്ങി . അവർ നമ്പ്യാരോട് കാര്യങ്ങൾ തിരക്കി . നമ്പ്യാർ താൻ കേട്ട കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു . നമ്പ്യാർക്ക് ഇതിലൊന്നിലും വിശ്വാസം ഇല്ല എന്നുള്ള കാര്യം സുഹൃത്തുക്കൾക്ക് അറിയാവുന്നതാണ് .
പക്ഷെ എല്ലാവരുടെയും ഉള്ളിൽ ഒരുപോലെ ഭയത്തിന്റെ മുള പൊട്ടി പുറപ്പെട്ടു .
ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് കൊണ്ട് ചുളു വിലക്കാണ് ഇതു താൻ സ്വന്തം ആക്കിയത് എന്ന സത്യവും നമ്പ്യാർ സുഹൃത്തുക്കളോട് പറഞ്ഞു .
ഇരുട്ട് കൂടി വരുംതോറും തറവാടിന്റെ നാല് അതിരുകളിൽ കൂടെ സ്ത്രീ പുരുഷ രൂപങ്ങൾ നടന്ന് പോകുന്നത് അവർ കണ്ടു .
അവർ എല്ലാവരും ഭയ പരവശരായി പെട്ടന്ന് എല്ലാവരും വീടിനകത്തേക്ക് കയറി പോയി . അവർ വീടിനകത്തേക്ക് കയറിയതും നിലവിളി ശബ്ദം നിന്നു . അവർ ആകെ അമ്പരന്നുപോയി . അതിനുശേഷം ആ ശബ്ദം അവർ കേട്ടില്ല . മണിക്കൂറുകൾക്ക് ശേഷം അവർ പുറത്തിറങ്ങി അപ്പോൾ അതാ രക്ഷിക്കണേ എന്ന ശബ്ദം വീണ്ടും കേൾക്കുന്നു . തറവാടിന്റെ അതിരുകളിൽ സ്ത്രീ പുരുഷ രൂപങ്ങൾ കാണുന്നു .
പേടിച്ച് വീണ്ടും അവർ അകത്തേക്ക് പോയി . അകത്തേക്ക് കയറിയതും നില വിളി ശബ്ദം നിന്നു . എന്താണ് ഇവിടെ നടക്കുന്നത് എന്നറിയാതെ അവർ ഭയപരവശരായി .
നേരം പുലർന്നു . നമ്പ്യാരുടെ സുഹൃത്തായ രാകേഷിന്റെ പരിചയത്തിൽ ഉള്ള ഒരു മന്ത്രവാദി ഉണ്ട് നമുക്ക് അദ്ദേഹത്തെ ഇങ്ങോട്ട് കൊണ്ടുവരാം എന്നിട്ട് ഇതിന് എന്തെങ്കിലും ഒരു പരിഹാരം കാണാൻ പറയാം എന്ന് രാകേഷ് നമ്പ്യാരോടായി പറഞ്ഞു .
നമ്പ്യാരും സമ്മതം മൂളി .
വലിയ പേര് കേട്ട മന്ത്രവാദി ആണ് എന്നുള്ളത് അദ്ദേഹത്തിന്റെ നാട്ടിൽ എത്തിയപ്പോഴാണ് മനസ്സിലായത് . കീഴൂർ മാധവ പണിക്കർ . നമ്പ്യാരുടെ സുഹൃത്തായ രാകേഷ് കാര്യങ്ങൾ വ്യക്തമായി ഉണർത്തിച്ചു .
അനർത്ഥങ്ങൾ വല്ലതും സംഭവിച്ചോ എന്ന മാധവ പണിക്കരുടെ ചോദ്യം കേട്ട നമ്പ്യാർ ഭയന്നു . ഇല്ല എന്ന് നമ്പ്യാർ മറുപടി പറഞ്ഞു .
മാധവ പണിക്കർ തറവാട്ടിൽ വന്ന് പ്രശനം വെച്ചാൽ മാത്രമേ വ്യക്തമായ ഒരു ചിത്രം കിട്ടൂ എന്ന് പറഞ്ഞു . നമ്പ്യാരുടെ കൂടെ മാധവ പണിക്കരും മനയ്ക്കലിൽ എത്തി .
പ്രശനം വെച്ചു നോക്കിയപ്പോൾ .
ഗതികിട്ടാതെ അലയുന്ന നാല് ആത്മാക്കൾ ഇവിടെ ഉണ്ട് . ദുർമന്ത്രവാദം ഉപയോഗിച്ച് ആ നാല് ആത്മാക്കളെ തറവാടിന്റെ നാല് അതിരുകളിൽ ബന്ധിച്ചിരിക്കുകയാണ് . ആ നാല് ആത്മാക്കളുടെ ജോലി എന്ന് പറയുന്നത് തറവാടിന്റെ കാവൽ ആണ് . മനയ്ക്കൽ തറവാട് വേറെ ആരെങ്കിലും സ്വന്തം ആക്കിയാൽ അവരെ തുരത്തി ഓടിക്കുക എന്നത് ആ നാല് ആത്മാക്കളുടെ ജോലി ആണ് . ദുർമന്ത്രവാദം ഉപയോഗിച്ച് ആത്മാക്കളെ തളച്ചിട്ടിരിക്കുന്നതിനാൽ അവരുടെ ലക്ഷ്യം നിറവേറ്റാൻ ആരുടെ ജീവൻ എടുക്കാൻ പോലും ആത്മാക്കൾ മടികാണിക്കില്ല . ചുരുക്കി പറഞ്ഞാൽ തറവാട് ആര് വാങ്ങുന്നുവോ അവർക്ക് ഇവിടെ സമാധാനം ഉണ്ടാകില്ല ഇവിടെ അന്തി ഉറങ്ങാൻ പറ്റില്ല .
ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ നമ്പ്യാരുടെ മനസ്സിൽ ഒരു ചോദ്യം ഉദിച്ചു . എന്തുകൊണ്ടാണ് ആ നിലവിളി ശബ്ദം വീടിനകത്തേക്ക് വരാതിരുന്നത് .
അതിനും മാധവ പണിക്കർ മറുപടി പറഞ്ഞു . ആ നാല് ആത്മാക്കളുടെ ലക്ഷ്യം എന്ന് പറയുന്നത് . തറവാട് വാങ്ങുന്നവർ മാത്രം ആണ് . അവരെ പുറത്താക്കുക എന്നതാണ് . ആദ്യ ദിവസം ആയതിനാൽ ആണ് അകത്തേക്ക് ശബ്ദവും രൂപങ്ങളും വരാതിരുന്നത് . നിങ്ങൾ ദിവസങ്ങൾ കൂടുതൽ അവിടെ തങ്ങുന്നുവെങ്കിൽ കൂട്ടത്തിൽ ഉള്ള ആരുടെയെങ്കിലും മരണം നിശ്ചയം ആണ് .
മാധവ പണിക്കർ പറഞ്ഞു ഈ ആത്മാക്കളെ മോചിപ്പിച്ച് നിങ്ങളെ രക്ഷിക്കാൻ ഞാൻ മാത്രം വിചാരിച്ചാൽ പോരാ . അതിന് ദുർമന്ത്രവാദം അറിയാവുന്ന ആൾ കൂടെ വേണം എന്ന് .
നമ്പ്യാർ എല്ലാം അവിടുന്നു നോക്കി ചെയ്താൽ മതി എന്ന് പറഞ്ഞു .
മാധവ പണിക്കർ നമ്പ്യാരോടായി കുറച്ച് കാര്യങ്ങൾ ചോദിച്ചു .
ഈ തറവാട് ആരുടെ കൈയിൽ നിന്നുമാണ് വാങ്ങിയത് എന്നുള്ള കാര്യങ്ങൾ .
മാധവ പണിക്കർ നമ്പ്യാരോട് ഒരു കാര്യവും കൂടെ ചോദിച്ചു .
അത് എന്തെന്നാൽ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തിട്ട് നിങ്ങൾക്ക് ഇവിടെ താമസിക്കുവാൻ താത്പര്യമില്ല . എത്രയും വേഗം ഈ വീട് വിൽക്കണം എന്ന് ഉണ്ട് അങ്ങനെ എങ്കിൽ നിങ്ങൾ ഈ വീട് ആർക്ക് വിൽക്കും ആരെ സമീപിക്കും എന്ന് .
ഇതിന് മറുപടിയായി നമ്പ്യാർ പറഞ്ഞു .
സംശയം എന്തിരിക്കുന്നു .
ഇത് ആരിൽ നിന്നുമാണോ വാങ്ങിയത് അയാൾക്ക് തന്നെ ഞാൻ ഇത് വിൽക്കും എന്ന് .
ഇത് കേട്ടതും കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ തന്റെ ഗുരുവിനെ കൂടെ കൂട്ടി വേഗം നമുക്ക് കർമങ്ങൾ ചെയ്യണം . ആത്മാവിന് മോക്ഷം നൽകണം . അതിന് വേണ്ട ഒരുക്കങ്ങൾ നിങ്ങൾ വേഗം ചെയ്തോളൂ എന്ന് പറഞ്ഞു മാധവ പണിക്കർ മനയ്ക്കലിൽ നിന്നും മടങ്ങി .
മാധവ പണിക്കർ പറഞ്ഞപോലെ ഉള്ള ഒരുക്കങ്ങൾ എല്ലാം നമ്പ്യാരും സുഹൃത്തുക്കളും ചെയ്തു .
ഒരാഴച്ച കഴിഞ്ഞു . മാധവ പണിക്കരും അദ്ദേഹത്തിന്റെ ഗുരുവും ആയ കാളൂർ ബ്രഹ്മദത്തൻ നമ്പൂതിരിയും മനയ്ക്കലിൽ എത്തി .
നമ്പൂതിരി പ്രശനം വെച്ചുനോക്കിയപ്പോൾ പല മറഞ്ഞുകിടന്ന കാര്യങ്ങൾ എല്ലാം അദ്ദേഹത്തിന് സ്പഷ്ടമായി മനസ്സിലായി .
ബ്രഹമദത്തൻ നമ്പൂതിരി കാര്യങ്ങൾ എല്ലാം വിശദീകരിച്ച് നമ്പ്യാർക്ക് പറഞ്ഞുകൊടുത്തു . മാധവ പണിക്കർ പറയാത്ത പല കാര്യങ്ങളും .
അതായത് മനയ്ക്കൽ കുടുംബത്തിലെ നാല് പേർ ദുർമരണപ്പെട്ടതല്ല അത് കൊലപാതകം ആണ് . കൊല്ലപ്പെട്ട ആ നാല് ശരീരങ്ങൾ തറവാടിന്റെ ഒരു ഭാഗത്ത് ഒരുമിച്ചാണ് മറവ് ചെയ്തിരുന്നത് . എന്നാൽ ആ ശരീരങ്ങൾ വീണ്ടും പുറത്തെടുത്ത് ആഭിചാര ക്രിയ ചെയ്തത് . ഇത് ആരാണോ ചെയ്തത് ആ വ്യക്തിയും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവരുടെയും രക്തം ആഭിചാരത്തിലൂടെ മൃതശരീരത്തിലേക്ക് പുരട്ടി . പിന്നീട് തറവാടിന്റെ നാല് അതിരുകളിൽ കുഴിച്ചിട്ടു .
ഇത് ചെയ്ത വ്യക്തിയും അദ്ദേഹത്തിന്റെ കുടുംബവും ഒഴികെ ഈ മനയ്ക്കൽ തറവാട്ടിൽ ആര് താമസിക്കുന്നുവോ അവരെ ആ നാല് ആത്മാക്കൾ ഉപദ്രവിക്കും . ആ ഉപദ്രവം മരണത്തിൽ വരെ കലാശിക്കാം .
ഇതെല്ലാം ചെയ്ത വ്യക്തിയുടെ ഒരു ചെറിയ വിവരണം ബ്രഹ്മദത്തൻ നമ്പൂതിരി നമ്പ്യാരോട് പറഞ്ഞു . ആ വിവരണങ്ങൾ എല്ലാം തറവാടിന്റെ അകന്ന ബന്ധുവായ ശ്രീധരന് ചേരുന്നതായിരുന്നു .
ആത്മാക്കളുടെ ഉപദ്രവം കൂടുമ്പോൾ വീട് ആരാണോ വാങ്ങിയത് അവർ തുച്ഛമായ വിലയ്ക്ക് അത് തിരികെ നൽകി അവർ ജീവനും കൊണ്ട് ഓടും അങ്ങനെ ഉള്ള കർമങ്ങൾ ആണ് ദുർമന്ത്രവാദത്തിലൂടെ ശ്രീധരൻ ചെയ്തിരിക്കുന്നത് . ഇത് ആകുമ്പോൾ തറവാട് കയ്യിൽ നിന്ന് പോവുകയും ഇല്ല പണം കിട്ടുകയും ചെയ്യും .
ഇതെല്ലാം കേട്ടുകഴിഞ്ഞതും നമ്പ്യാർക്ക് ശ്രീധരനോട് പകയും വെറുപ്പും കൂടി .
ബ്രഹ്മദത്തൻ നമ്പൂതിരി പറഞ്ഞു . ആ വ്യക്തി ആണ് ചെയ്തത് എന്നുള്ളതിന് ഒരു തെളിവും ഇല്ല . ഞാൻ ഈ പറഞ്ഞത് എല്ലാം കർമ്മം ചെയ്യുമ്പോൾ ദൈവം കാണിച്ചുതന്നത് ആണ് .
ഇപ്പോൾ നിങ്ങളുടെ മനസ്സിൽ നാല് ആത്മാക്കളുടെ മോചനം അത് മാത്രം ആയിരിക്കണം . നിങ്ങളുടെ ഉള്ളിൽ ആ വ്യക്തിയോട് വൈരാഗ്യം കൂടുന്തോറും ആത്മാക്കൾക്ക് നിങ്ങളെ ഉപദ്രവിക്കാനുള്ള സാധ്യത കൂടുതലാണ് .
അങ്ങനെ ബ്രഹ്മദത്തൻ നമ്പൂതിരിയും മാധവ പണിക്കരും ചേർന്ന് കർമങ്ങൾ ആരംഭിച്ചു . ആത്മാക്കളുടെ ശക്തി കൂടുതലായി അവർ അക്രമകാരികൾ ആകുവാൻ തുടങ്ങി .
ബ്രഹ്മദത്തൻ നമ്പൂതിരി നാല് ആത്മാക്കളെയും ആവാഹിച്ച് തന്റെ ഹോമപീഡത്തിനരികിൽ എത്തിച്ചു . ആത്മാക്കൾ നമ്പ്യാരെ ആക്രമിക്കുവാനായി തുനിഞ്ഞു . പക്ഷെ മന്ത്രോച്ചാരണങ്ങളുടെ ശക്തിയാൽ അതിന് ആത്മാക്കൾക്ക് സാധിച്ചില്ല .
ബ്രഹ്മദത്തൻ ആത്മാക്കളോട് സംസാരിച്ചു . നിങ്ങളുടെ ആത്മാവിന് മോക്ഷം വേണമെങ്കിൽ ഈ വ്യക്തിയെയും ഈ മനയ്ക്കൽ തറവാട്ടിൽ താമസിക്കുന്ന ആരെയും ഉപദ്രവിക്കരുത് എന്ന താക്കീത് നൽകി . പക്ഷെ ആത്മാക്കൾ അത് ചെവിക്കൊണ്ടില്ല . അവർ കൂടുതൽ അക്രമകാരികൾ ആകുവാൻ തുടങ്ങി . പക്ഷെ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ രക്ഷാ കവചത്തിൽ നിന്നും പുറത്തുകടക്കാൻ ആത്മാക്കൾക്ക് ആയില്ല . മന്ത്രവാദത്തിന്റെ ശക്തിയാൽ ആ നാല് ആത്മാക്കളും ശാന്തരായി . അവർ ബ്രഹ്മദത്തന് കീഴടങ്ങി .
ഏത് ദുർമന്ത്രവാദം ഉപയോഗിച്ചാണോ ഈ നാല് ആത്മാക്കളെയും ശ്രീധരൻ തന്റെ വരുതിയിൽ ആക്കിയത് അതേ ദുർമന്ത്രവാദം ഉപയോഗിച്ച് ആ ആത്മാക്കളുടെ മോക്ഷം ബ്രഹ്മദത്തൻ നമ്പൂതിരി നടത്തി . പക്ഷെ ബ്രഹ്മദത്തൻ ആ ആത്മാക്കളുടെ മുൻപിൽ കുറച്ച് നിബന്ധന വെച്ചു . ഇനിമുതൽ മനയ്ക്കൽ തറവാട്ടിൽ ആര് താമസിക്കുന്നുവോ അവരെ ഉപദ്രവിക്കാൻ പാടില്ല . ശ്രീധരനെയും കുടുംബത്തെയും ഉപദ്രവിക്കരുത് . മോക്ഷം കിട്ടിയാൽ ഭൂമിയിൽ അലഞ്ഞുതിരിയാൻ പാടില്ല . ഇതിനെല്ലാം ആത്മാക്കൾ സമ്മതം അറിയിച്ചു . അതിന് ശേഷം
നാല് ആത്മാക്കളെയും ആവാഹിച്ച് ഒരു മൺകലത്തിൽ പ്രവേശിപ്പിച്ചു . എന്നിട്ട് നമ്പ്യാരോട് പറഞ്ഞു . ഒരു കർമിയുടെ കാർമികത്വത്തിൽ പുഴയിലോ കുളത്തിലോ മരിച്ചവർക്ക് വേണ്ടി ക്രിയ ചെയ്യുന്ന പോലെ തന്നെ ചെയ്യണം എന്നാൽ മാത്രമേ ആത്മാക്കൾക്ക് മോക്ഷം കിട്ടു എന്ന് .
ഏറെ വൈകാതെ തന്നെ നമ്പ്യാർ ആ കർമ്മം ചെയ്തു .
ആ നാല് ആത്മാക്കൾക്കും മോക്ഷം ലഭിച്ചു . അതിന്ശേഷം മനയ്ക്കൽ തറവാട്ടിൽ ഭയപ്പെടുത്തുന്നതിന്റെ ഒരു ലക്ഷണം പോലും ഉണ്ടായിട്ടില്ല .
എല്ലാം കെട്ടടങ്ങിയ ശേഷം നമ്പ്യാരും സുഹൃത്തുക്കളും ചേർന്ന് ശ്രീധരന്റെ അടുക്കൽ എത്തി . എന്നിട്ട് ഒരേ ഒരു വാക്ക് മാത്രം പറഞ്ഞു . ദുർമന്ത്ര വാദം ഉപയോഗിച്ച് ഇനി എങ്ങാനും മനയ്ക്കലിൽ വന്നാൽ . എന്ന് പറഞ്ഞതും ശ്രീധരന് കാര്യങ്ങൾ മനസ്സിലായി .
ഏറെ വൈകാതെ തന്നെ മനയ്ക്കൽ തറവാടിന്റെ ആ പഴയ പേരും പെരുമയും തിരികെ കൊണ്ടുവരാൻ രാമകൃഷ്ണ നമ്പ്യാർക്ക് സാധിച്ചു .
പ്രേതം എന്ന് എല്ലാവരും കെട്ടുകാണും . പക്ഷെ അങ്ങനെ ഒന്ന് ഉണ്ടോ എന്ന് ചോദിച്ചാൽ . കാറ്റ് അടിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കില്ല പക്ഷെ അനുഭവത്തിൽ അറിയാം . അതുപോലെ തന്നെ ആണ് ദുഷ്ട ശക്തികളും . ദൈവം ഉണ്ടെങ്കിൽ ദുഷ്ട ശക്തികളും ഉണ്ട് എന്ന് നമ്മൾ വിശ്വസിച്ചേ മതിയാവൂ . ദൈവത്തിലേക്ക് കൂടുതൽ അടുക്കുവാൻ ശ്രമിക്കുക . ഒരു ദുഷ്ട ശക്തിക്കും നമ്മളെ ദൈവത്തിന്റെ കരുതലിൽ നിന്നും ഉപദ്രവിക്കാൻ സാധിക്കില്ല . അതുപോലെ തന്നെ ദൈവം തന്ന ജീവൻ തിരിച്ചെടുക്കാൻ ആ ദൈവത്തിന് മാത്രമേ അധികാരവും ഉള്ളു .
0 Comments
thanks for u r feedback