google.com, pub-4535768800405607, DIRECT, f08c47fec0942fa0 തിരമാലകള്‍

Ticker

30/recent/ticker-posts

തിരമാലകള്‍






തിരമാലകള്‍


അഗാധമായി കിടക്കുന്ന സമുദ്രത്തിലേക്ക് ഓല മേഞ്ഞ കൂരയിൽ നിന്നും ഇമ വെട്ടാതെ തന്റെ പ്രാണ പ്രിയനെ നോക്കി ഇരിക്കുകയാണ് മറിയാമ്മ . 

തന്റെ പ്രാണ പ്രിയൻ ആയ പൈലി ഉപജീവന മാർഗമായ മീൻ പിടുത്തത്തിനായി വെള്ളവും വലയുമായി പോയിട്ട് ദിവസങ്ങൾ ആയിരിക്കുന്നു ഇനിയും തിരിച്ചെത്തിയിട്ടില്ല . ആ വ്യാകുലത മറിയത്തെ ഒരുപാട് അലട്ടുകയാണ് .
മക്കൾ എല്ലാം ഉപേക്ഷിച്ചതിനുശേഷം ഇരുവരും കടപ്പുറത്ത് ഒരു ഓലപ്പുരയിൽ ആണ് താമസം . 

ഇതേ ഓലപ്പുരയിൽ നിന്നും തുടങ്ങിയതാണ് പൈലിയുടെയും മറിയത്തിന്റെയും ജീവിതം . ഇരുവരുടെയും അധ്വാനത്തിന്റെയും ദൈവ വിശ്വാസത്തിന്റെയും ഫലമായി ദൈവം അവരെ ഒരുപാട് അനുഗ്രഹിച്ചു . അവർ സമ്പന്നരായി . ഇരുവർക്കും ഒരു ആൺ കുഞ്ഞും ഒരു പെൺ കുഞ്ഞും ജനിച്ചു . ഇരുവരും തന്റെ മക്കളെ ഒരു അല്ലലും അറിയിക്കാതെ ആണ് വളർത്തിയത് . തങ്ങൾ അനുഭവിച്ച ഒരു കഷ്ട്ടപ്പാടും ബുദ്ധിമുട്ടുകളും മക്കൾ അനുഭവിക്കരുത് എന്ന് അവർ ആഗ്രഹിച്ചു . മക്കളുടെ എല്ലാ ആഗ്രഹങ്ങളും അവർ നിറവേറ്റി . എന്തൊക്കെ പറഞ്ഞാലും പൈലിയും മറിയവും ഭയങ്കര ദൈവ വിശ്വാസികൾ ആയിരുന്നു . ദൈവത്തിന് നിരക്കാത്തതായി ഇരുവരും ഒന്നും തന്നെ അവരുടെ ജീവിതത്തിൽ ചെയ്തിട്ടില്ല . 

എന്നാൽ വളർന്നുവന്നപ്പോൾ മക്കൾ നേരെ മാതാപിതാക്കളിൽ നിന്നും വിപരീതമായി പ്രവർത്തിക്കുവാൻ തുടങ്ങി . അവരിൽ പൈസ ഉണ്ട് എന്ന അഹങ്കാരം ഉടലെടുത്തു . തങ്ങളെ കൊണ്ട് എല്ലാം സാധിക്കും എന്ന മനോഭാവം പൊട്ടിമുളച്ചു .

വിദ്യാഭ്യാസത്തിന്റെ ഉന്നതികൾ കീഴടക്കുമ്പോഴും ഇരുവരുടെയും ഉള്ളിൽ ഞാൻ എന്ന ഭാവം വളർന്നു പന്തലിച്ചു . തന്റെ പ്രിയ മക്കളുടെ പ്രവർത്തിയിലും ചിന്തയിലും വന്ന മാറ്റങ്ങൾ മാതാപിതാക്കളായ പൈലിയിലും മറിയത്തിലും ഒരുപാട് വേദന ഉളവാക്കി ഇരുവരും ദൈവത്തോട് മനമുരുകി പ്രാർത്ഥിക്കുവാൻ തുടങ്ങി . ദൈവ വിശ്വാസം കൂടുതൽ ഉള്ളതിനാൽ മക്കളെ രണ്ടുപേരേയും ദൈവത്തിൽ ഏൽപ്പിച്ചു . പക്ഷെ മക്കളെ ഉപദേശിക്കുവാനോ ചെയ്യരുതാത്ത കാര്യങ്ങൾ ചെയ്യരുത് എന്ന് പറയുവാൻ മാതാപിതാക്കളായ പൈലിയും മറിയവും ശ്രമിച്ചില്ല കാരണം തങ്ങളുടെ ഉപദേശത്തേക്കാൾ ദൈവ വചനവും പ്രാർത്ഥനയും തന്റെ മക്കൾക്ക് മതി എന്ന് അവർ വിശ്വസിച്ചു . 

എന്നാൽ മക്കൾ ലോകത്തിന്റെ വഴികളിൽ ആയിരുന്നതിനാൽ ദൈവ വചനവും പ്രാർത്ഥനയും അവർക്ക് ഒരു അയിത്തം പോലെ ആയിരുന്നു .
പക്ഷെ പൈലിയും മറിയവും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയില്ല .
ദൈവ വചനം അവരുടെ രക്തവും ദൈവം അവരുടെ ജീവനും ആയി ആണ്  ഇരുവരും കണ്ടിരുന്നത് .

അങ്ങനെ വർഷങ്ങൾ കടന്നുപോയി . ഒരുപാട് സന്തോഷത്തോടെയും ആർഭാടത്തോടെയും തന്റെ ഇരു മക്കളുടെയും വിവാഹം പൈലിയും മറിയവും നടത്തി . മക്കളുടെ വിവാഹശേഷം പൈലിയും മറിയവും ആ വലിയ വീട്ടിൽ തനിച്ചായി . മകൾ വിവാഹം കഴിഞ്ഞ് ഭർത്താവിനോടും വീട്ടുകാരോടും കൂടെ കഴിയുന്നു . മകൻ ഇപ്പോൾ ഭാര്യാ വീട്ടിൽ ആണ് താമസം . മാതാപിതാക്കളെ നോക്കാൻ ഇരുവർക്കും താത്പര്യമില്ല . അങ്ങനെ ഒരു ദിവസം ഇരു മക്കളും കൂടി പൈലിയെയും മറിയത്തിനെയും കാണുവാനായി തങ്ങളുടെ വളർത്തുവീട്ടിൽ എത്തി . പൈലിക്കും മറിയത്തിനും അത് ഒരുപാട് സന്തോഷമായി . 
പക്ഷെ ആ സന്തോഷം അധിക നേരം നിന്നില്ല . മക്കളുടെ സംസാരം ആ സന്തോഷം അധിക നേരം നിൽക്കുവാൻ സമ്മതിച്ചില്ല . ഇരുവരും വന്ന കാര്യം മാതാപിതാക്കളോട് പറഞ്ഞു . ഞങ്ങൾ രണ്ടു പേർക്കും അച്ഛനെയും അമ്മയെയും നോക്കുവാൻ പറ്റില്ല . നിങ്ങളെ എന്തായാലും ഇവിടെ തനിച്ച് നിർത്തുന്നതും ശരിയല്ല . ഞങ്ങൾ ഒരു തീരുമാനമായി ആണ് വന്നിരിക്കുന്നത് . 
ഈ സ്വത്ത് മുഴുവൻ ഭാഗം വെച്ച് അച്ഛനെയും അമ്മയെയും അഗതി മന്ദിരത്തിൽ ആക്കുവാൻ . അച്ഛനും അമ്മയും ഇതിന് സമ്മതിച്ചേ പറ്റു . ഞങ്ങൾ രണ്ട് പേരുടെയും വീട്ടിലേക്ക് നിങ്ങളെ കൊണ്ടുപോകുവാൻ കഴിയില്ല . നിങ്ങൾ ഇവിടെ തനിച്ചു താമസിച്ചാൽ അതിന്റെ കുറച്ചിൽ ഞങ്ങൾക്കാണ് . ഇതാകുമ്പോൾ ഇവിടെ ഉള്ളവർ കരുതിക്കോളും നിങ്ങൾ മക്കളുടെ കൂടെ ആണ് എന്ന് .

ഇത് പറഞ്ഞു കേട്ടതും ഭൂമിയിൽ നിന്ന് പാതാളത്തിലേക്ക് താഴ്ന്നു പോകുന്നതു പോലെ ആണ് പൈലിക്കും മറിയത്തിനും തോന്നിയത് . ഇരുവരും കുറെ നേരം ആലോചിച്ച ശേഷം മക്കളുടെ ഇഷ്ട്ട പ്രകാരം ചെയ്തേക്കാം എന്ന തീരുമാനത്തിൽ എത്തി .
അങ്ങനെ ഇരുമക്കളും ചേർന്ന് പൈലിയെയും മറിയത്തിനെയും ഒരു അഗതി മന്ദിരത്തിൽ ആക്കി എന്നിട്ട് ആ വലിയ വീട് നല്ലൊരു തുകയ്ക്ക് വിറ്റിട്ട് ഇരുവരും ആ തുക വീതിച്ചെടുത്തു . കുറച്ച് പണം പൈലിക്കും മറിയത്തിനും നൽകി .

ആദ്യമാദ്യം പൈലിക്കും മറിയത്തിനും മക്കളുടെ ഈ പ്രവർത്തിയിൽ കടുത്ത വിഷമം ഉണ്ടായെങ്കിലും പിന്നീട് ദൈവത്തിന്റെ ഇഷ്ട്ടം അങ്ങനെ ആണെങ്കിൽ അതുതന്നെ നടക്കട്ടെ എന്ന് അവർ തീരുമാനിച്ചു . 
മക്കൾ ഇരുവരും തുടക്കത്തിൽ വന്നിരുന്നെങ്കിലും പിന്നീട് അവർ തീരെ വരാതായി . 

മാസങ്ങൾ കടന്നുപോയി . അഗതി മന്ദിരത്തിലെ താമസം തനിക്ക് വല്ലാതെ വീർപ്പുമുട്ടൽ ഉണ്ടാക്കുന്നു എന്ന് മറിയം പൈലിയോട് പറഞ്ഞു . പൈലി മറിയത്തോട് പറഞ്ഞു നമുക്ക് ഈ വീർപ്പുമുട്ടൽ സഹിക്കേണ്ട കാര്യം ഇല്ല . നമുക്ക് ഇവിടുന്ന് ഇറങ്ങി കടപ്പുറത്ത് ഒരു കൂര വെച്ചു അവിടെ താമസിക്കാം . പഴയ സുഹൃത്തുക്കളുടെ കൂടെ മീൻ പിടിക്കുവാനും പോകാം എനിക്ക് അതിനുള്ള ആരോഗ്യം ദൈവം തന്നിട്ടുണ്ട് . നമുക്ക് ഇനി നമ്മൾ രണ്ടുപേരും മാത്രമേ ഉള്ളു .

പൈലിയുടെയും മറിയത്തിന്റെയും തീരുമാനം അഗതി മന്ദിരത്തിലെ നടത്തിപ്പുകാരോട് പറഞ്ഞു . അവർ അതിന് സമ്മതിച്ചില്ല . എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടായാൽ അത് ഞങ്ങളെ ബാധിക്കും എന്ന ഭയം അവർക്ക് ഉണ്ടായിരുന്നു . തുടർച്ചയായി പൈലിയും മറിയവും ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ അഗതി മന്ദിരത്തിലെ നടത്തിപ്പുകാർക്ക് വഴങ്ങുകയല്ലാതെ വേറെ വഴി ഇല്ലാതെയായി . പക്ഷെ അവർ ഒരു കാര്യം ഉന്നയിച്ചു . മക്കൾ ഇനി എന്നെങ്കിലും നിങ്ങളെ അന്വേഷിച്ചുവന്നാൽ നിങ്ങൾ നിങ്ങളുടെ സ്വന്ത ഇഷ്ട്ട പ്രകാരം ആണ് ഇവിടെ നിന്നും പോയത് അല്ലെങ്കിൽ പോകുന്നത് എന്ന് ഒരു മുദ്ര പത്രത്തിൽ എഴുതി തന്നാൽ നിങ്ങൾക്ക് പോകാം എന്ന് അവർ പറഞ്ഞു .
പൈലിയും മറിയവും അവർ പറഞ്ഞപോലെ എല്ലാം ചെയ്‌തതിനുശേഷം അഗതി മന്ദിരത്തിൽ നിന്നും ഇറങ്ങി . കൂട്ടിൽ നിന്നും തുറന്നുവിട്ട പക്ഷികളെ പോലെ ഇരുവരും പറന്ന് നടന്നു .

പൈലിയുടെ ചില സുഹൃത്തുക്കൾ മുഖേന കടപ്പുറത്ത് അവർക്കൊരു ചെറിയ കൂര വെച്ചുകൊടുത്തു . ആദ്യമാദ്യം പൈലിയുടെ സുഹൃത്തുക്കളുടെ കൂടെ ആണ് കടലിൽ മീൻ പിടിക്കാൻ പോയിരുന്നത് . അത് പിന്നീട് വേണ്ട എന്ന് വെച്ചു കാരണം അവരുടെ കൂടെ പോയാൽ ദിവസങ്ങൾ എടുക്കും തിരിച്ചെത്താൻ അല്ലെങ്കിൽ മാസങ്ങൾ ആവും അതുവരെ മറിയം തനിച്ചാണ് എന്ന കാരണത്താൽ പൈലി തനിച്ച് മീൻ പിടിക്കുവാൻ പോകുവാൻ തുടങ്ങി . 
സാധാരണ ഗതിയിൽ കുറച്ചു മീൻ കിട്ടിയാൽ പൈലി വേഗം വരുന്നതാണ് പക്ഷെ പൈലി പോയിട്ട് രണ്ട് ദിവസം ആയിരിക്കുന്നു .
മറിയത്തിന്റെ ഉള്ളി ആധിയായി . തന്റെ ഓല മേഞ്ഞ കൂരയിൽ നിന്നും പൈലിയെ നോക്കി ഇരിക്കുകയാണ് മറിയം . 

പെട്ടന്നാണ് മറിയത്തിന്റെ കണ്ണിൽ ആ കാഴ്ച്ച വന്ന് ഉടക്കിയത് . അങ്ങ് ദൂരെ ഓളപരപ്പുകൾക്കിടയിൽ ചെറിയ ഒരു വള്ളം കണ്ടു അതേ അതു തന്നെ തന്റെ പ്രിയതമന്റെ വള്ളം തന്നെ ആണ് അത് . മറിയത്തിന്റെ സന്തോഷം ഇരട്ടിച്ചു അവൾ വേഗം കടൽതീരത്തേക്ക് പാഞ്ഞു . പൈലിയെ കണ്ടതും ആദ്യം മറിയം ഒന്നു വാരി പുണർന്നു . പിന്നെ കിട്ടിയ മീനും എടുത്തുകൊണ്ട് ഇരുവരും തങ്ങളുടെ കൂരയിലേക്ക് നടന്നു . വരുവാൻ താമസിച്ചതിൽ മറിയത്തിന് നീരസം ഉണ്ടെന്ന് ഉള്ളത് പൈലിക്ക് അറിയാം പക്ഷെ അത് പൈലി കാര്യമായി എടുത്തില്ല .

അന്ന് വൈകുന്നേരത്തെ അത്താഴത്തിന് ഇരിക്കുമ്പോൾ മറിയം പൈലിയോട് പറഞ്ഞു . ഇനി നിങ്ങൾ മീൻ പിടിക്കുവാൻ പോകുമ്പോൾ ഞാനും കൂടെ വരും എനിക്ക് നിങ്ങളെ കാണാതിരിക്കാൻ വയ്യ ഒറ്റക്കിരിക്കുമ്പോൾ വല്ലാത്ത ഭയം ഉള്ളിൽ ഏറി വരുന്നു എന്ന് . പൈലി ആദ്യം വിസമ്മതിച്ചെങ്കിലും മറിയത്തിന്റെ ആവശ്യം തള്ളിക്കളയാൻ പൈലിക്ക് ആയില്ല . 

അങ്ങനെ അടുത്ത പ്രഭാതത്തിൽ പൈലിയും മറിയവും വള്ളവും വലയുമായി മീൻ പിടിക്കുവാൻ കടലിലേക്ക് നീങ്ങി . ഭാര്യ കൂടെ ഉള്ള സന്തോഷത്തിലും ഭർത്താവ് കൂടെ ഉള്ള സന്തോഷത്തിലും ഇരുവരും മതി മറന്ന് വല വീശി . ദൈവ കൃപയാൽ ആദ്യത്തെ വല വീശലിൽ തന്നെ ഇരുവർക്കും ഉള്ള മീൻ കിട്ടി . ഇനി തിരിച്ചുപോകാം എന്ന പൈലിയുടെ വാക്ക് മറിയം ചെവി കൊണ്ടില്ല . മീൻ പിടിച്ചില്ലെങ്കിലും നമുക്ക് കുറച്ചുദൂരം കൂടെ തുഴയാം എന്ന് മറിയം പറഞ്ഞു . എന്തായാലും പ്രിയ പത്നിയുടെ ആഗ്രഹം അല്ലെ സാധിപ്പിച്ചുകൊടുക്കാം എന്ന് പൈലിയും കരുതി . 

അങ്ങനെ കുറച്ചധികം ദൂരം അവർ വള്ളം തുഴഞ്ഞു . ഭക്ഷണം എല്ലാം കരുതി ആണ് അവർ കടലിലേക്ക് മീൻ പിടിക്കുവാൻ ഇറങ്ങിയത് . ഭക്ഷണം ഇരുവരും കഴിച്ചു അങ്ങനെ ഇരിക്കുമ്പോൾ ശക്തമായ കാറ്റ് അടിക്കുവാൻ തുടങ്ങി . അവരുടെ വള്ളത്തിന്റെ നിയന്ത്രണം പോകുവാൻ തുടങ്ങി . മറിയത്തിന്റെ ഉള്ളിൽ ഭയം ഉടലെടുത്തു പക്ഷെ തന്റെ പ്രിയതമൻ കൂടെ ഉള്ളതിനാൽ മറിയം ശക്തയായി .

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ ശക്തമായ കാറ്റിനൊപ്പം മഴയും കൂടെ വന്നു . ദിശ അറിയാത്ത രീതിയിൽ മഴ പെയ്യുവാൻ തുടങ്ങി . ശക്തമായ തിരമാലകൾക്കിടയിൽ പൈലിയുടെയും മറിയത്തിനെയും വള്ളം തല കീഴായി മറിഞ്ഞു . 
പൈലി വേഗം മറിയത്തെ തിരഞ്ഞു . അവൾ അതാ ശ്വാസം കിട്ടാതെ വെള്ളത്തിൽ കിടന്നു പിടയുന്നു . വള്ളത്തിൽ നിന്നും വീണ ലൈഫ് ജാക്കറ്റ് പൈലി വേഗം മറിയത്തെ ധരിപ്പിച്ചു . തിരമാലകൾ ശക്തി ആർജിക്കുവാൻ തുടങ്ങി . മറിയം പൈലിയോട് ചോദിച്ചു എവിടെ നിങ്ങൾക്കുള്ള ജാക്കറ്റ് പൈലി പറഞ്ഞു ആദ്യം നീ രക്ഷപ്പെടണം പൈലിക്ക് അറിയാം ആയിരുന്നു കടൽ ക്ഷോഭിച്ചിരിക്കുന്നു തന്റെ ഈ ചെറിയ വള്ളം കൊണ്ട് തീരം അണയുക എന്നത് അസാധ്യം ആണ് എന്ന് . ഈ ഒരു ജാക്കറ്റ് കൊണ്ട് അവൾ എങ്കിലും രക്ഷപ്പെടട്ടെ അവളെ എങ്കിലും രക്ഷപ്പെടുത്തണം . പൈലി മനസ്സിൽ ആഗ്രഹിച്ചു . അപ്പോൾ അതാ മറിയം ജാക്കറ്റ് അഴിച്ചു കളയുന്നു . മുങ്ങി താണു കൊണ്ടിരിക്കുന്ന പൈലി ക്ഷോഭത്തോടെ മറിയത്തോട് ചോദിച്ചു നീ എന്താ ഈ കാണിക്കുന്നത് . അപ്പോൾ മറിയം മറുപടി പറഞ്ഞു നിങ്ങൾ എവിടെ പോകുന്നുവോ അവിടേക്ക് ഞാനും വരും അത് ജീവിതത്തിലേക്കായാലും മരണത്തിലേക്കായാലും . എന്നെ തനിച്ചു പോകുവാൻ അനുവദിക്കരുത് ഞാൻ പോകില്ല എന്ന് പറഞ്ഞുകൊണ്ട് മറിയം പൈലിയെ ചേർത്തുപിടിച്ചു . പൈലിയുടെ കണ്ണുകൾ നിറഞ്ഞു ഇങ്ങനെ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയെ തന്നതിന് ദൈവത്തോട് പൈലി നന്ദി പറഞ്ഞു . ഇരുവരും ശക്തമായ തിരമാലകളുടെ ഇടയിൽ പെട്ട് കടലിന്റെ അഗാധമായ ആഴത്തിലേക്ക് പോയി . ശരീരത്തിൽ നിന്ന് ജീവൻ പോകുന്നതുവരെയും മറിയം പൈലിയെ ചേർത്തുപിടിച്ചിരുന്നു . 

വർഷങ്ങൾ ഒരുപാട് കടന്ന് പോയി ഇരുവരുടെയും മക്കൾക്ക് മക്കൾ ഉണ്ടായി അവർ വലുതായി വിവാഹ പ്രായം ആയി വിവാഹം കഴിഞ്ഞു . 
തങ്ങൾ തങ്ങളുടെ മാതാപിതാക്കളായ പൈലിയോടും മറിയത്തോടും ചെയ്തത് എന്താണോ അതു തന്നെ അവരുടെ മക്കളും അവരോട് ചെയ്യുവൻ തുടങ്ങി . മക്കൾക്ക് മാതാപിതാക്കളോടുള്ള സ്നേഹം കുറഞ്ഞു . അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാതെയായി . അപ്പോഴാണ് അവരുടെ ഉള്ളിൽ കുറ്റബോധം ഉടലെടുത്തത് . തങ്ങളുടെ ചെയ്തിയിൽ മാതാപിതാക്കൾ എത്രത്തോളം വിഷമിച്ചിരുന്നു എന്ന് . അവരുടെ ഉള്ളിൽ പൈലിയെയും മറിയത്തെയും കാണുവാനുള്ള ആഗ്രഹം ഉടലെടുത്തു . അവർ വേഗം അഗതിമന്ദിരത്തിലേക്ക് ചെന്നു . അവിടെ എത്തിയതും അവരിൽ നിന്നുള്ള വാക്കുകൾ ഇരുവരെയും വിഷമത്തിലാഴ്ത്തി . അവർ എവിടേക്കാണ് പോയത് എന്നുപോലും ആർക്കും അറിയില്ല . 

എങ്ങനെയൊക്കെയോ പൈലിയുടെ സുഹൃത്തുക്കൾ മുഖേന കടപ്പുറത്തെത്തി അപ്പോഴാണ് വേദനാജനകമായ ആ വാർത്ത അവർ കേട്ടത് . ഇരുവരും ദൈവത്തോട് വാവിട്ട് നിലവിളിച്ചു . തങ്ങൾ ചെയ്ത തെറ്റുകൾ ഞങ്ങൾക്ക് ബോധ്യപ്പെടുത്തി തന്നു അത് തിരുത്തുവാൻ ഞങ്ങൾക്ക് സാധിച്ചില്ലലോ എന്ന് അവർ പറഞ്ഞു കരയുവാൻ തുടങ്ങി . അവർ ചെയ്ത തെറ്റിന്റെ ഗൗരവം അവർക്ക് ബോധ്യമായി . ഇരുവരും തങ്ങളുടെ ഭവനങ്ങളിൽ ചെന്ന് ദൈവ വിശ്വാസത്തോടുകൂടെ മക്കളെ അനുസരിച്ച് ജീവിക്കുവാൻ തുടങ്ങി .


Post a Comment

0 Comments